സമുദ്രജൈവവൈവിധ്യ സംരക്ഷണം: സ്കൂൾ വിദ്യാർത്ഥികൾക്ക് കണ്ടൽ തൈകൾ നൽകി സിഎംഎഫ്ആർഐ
- Posted on February 20, 2025
- News
- By Goutham prakash
- 176 Views
കൊച്ചി:
സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിശീലന കോഴ്സിൽ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടൽ തൈകൾ വിതരണം ചെയ്തത്.
തൈകൾ നട്ടുപിടിപ്പിച്ച് കണ്ടൽകാടുകളാക്കി വികസിപ്പിക്കാൻ വിദ്യാർത്ഥികളോട് നിർദേശിച്ചു. ഇതിന്റെ വളർച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാർഗനിർദേശം നൽകി സിഎംഫ്ആർഐ വിദ്യാർത്ഥികളെ സഹായിക്കും.
സമുദ്രജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതികളാണ് 10 ദിവസത്തെ കോഴ്സിൽ പരിശീലിപ്പിക്കുന്നത്. കോഴ്സിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കാൻ കണ്ടൽകാടുകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം, കടൽകയറ്റം, തീരപ്രളയം എന്നിവയെ പ്രതിരോധിക്കാനുള്ള ജൈവപരിചയാണ് കണ്ടൽകാടുകളെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
കോഴ്സ് ഡയറക്ടർ ഡോ രേഖ നായർ, ഡോ വൈശാഖ് ജി, ഡോ ഷെൽട്ടൻ പാദുവ എന്നിവർ സംസാരിച്ചു.
