രാജ്യാതിർത്തിക്കപ്പുറത്തെ സമുദ്രജൈവവൈവിധ്യ സംരക്ഷണം: പുറംകടൽ ഉടമ്പടി വരും, ദേശീയതലത്തിൽ ചട്ടക്കൂട് തയ്യാറാക്കാനൊരുങ്ങി ഇന്ത്യ.
- Posted on December 13, 2025
- News
- By Goutham prakash
- 31 Views
ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ ഉടമ്പടി പ്രകാരം, രാജ്യങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള സമുദ്രങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വിനിയോഗവും ലക്ഷ്യമിട്ടുള്ള ബി.ബി.എൻ.ജെ കരാർ അഥവാ പുറംകടൽ (ഹൈ സീസ്) ഉടമ്പടി അടുത്ത വർഷം ജനുവരി 17ന് നിലവിൽ വരും.
ഡോ പി കൃഷ്ണൻ, ഡോ ഗ്രിൻസൺ ജോർജ്, ഡോ ജോർജ് നൈനാൻ, ഡോ കെ ആർ ശ്രീനാഥ്, റിസ്സ സാക്ര ഡെജൂകോസ്, പ്രിയ തായ്‌ഡെ, പി കെ ശ്രീവാസ്തവ എന്നിവർ പ്രസംഗിച്ചു.
കരാർ ഔദ്യോഗികമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേശീയതലത്തിൽ ചട്ടക്കൂട് രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ചർച്ചയിൽ നയരൂപീകരണ വിദഗ്ധർ, നിയമവിദഗ്ധർ, ശാസ്ത്രജ്ഞർ, മത്സ്യമേഖലയിലെയും മാരിടൈം വ്യവസായ മേഖലയിലെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
'ഹൈസീസ്' ഉടമ്പടിയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയിൽ നടന്ന ചർച്ച മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഉപാധ്യായ ഉദ്ഘാടനം ചെയ്യുന്നു.
രാജ്യാതിർത്തി കഴിഞ്ഞുള്ള പുറംകടലിലെ സമുദ്രജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള അന്തർദേശീയ ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെ ഇതുവരെ 145 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സി.എം.എഫ്.ആർ.ഐ, സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം, അമിതമത്സ്യബന്ധനം, മലിനീകരണം എന്നിവ സമുദ്ര പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഈ കരാറിന് അതീവപ്രാധാന്യമുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. രാജ്യങ്ങളുടെ അതിർത്തിക്ക് പുറത്തുള്ള സമുദ്ര സംരക്ഷണത്തിൽ നിലനിൽക്കുന്ന ഭരണപരമായ വിടവുകൾ നികത്താൻ ഈ ഉടമ്പടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്ര വിഭവങ്ങളുടെ ഉടമസ്ഥാവകാശവും പാരിസ്ഥിതിക ഉത്തരവാദിത്തവും സംബന്ധിച്ച സങ്കീർണ്ണതകൾ പരിഹരിക്കാനാണ് ഇന്ത്യ ദേശീയചട്ടക്കൂട് തയ്യാറാക്കുന്നത്. സമുദ്ര ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാണ്. ശാസ്ത്രത്തെയും ഭരണനയങ്ങളെയും നിയമത്തെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതാണ് 'ഹൈസീസ് ഉടമ്പടി. ഇന്ത്യ പ്രധാനമായും തീരദേശ-ചെറുകിട മത്സ്യബന്ധനത്തെയാണ് ആശ്രയിക്കുന്നതെങ്കിലും പുറംകടലിൽ വൻതോതിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യലഭ്യതയെ സ്വാധീനിക്കുന്നുണ്ട്-യോഗം വിലയിരുത്തി.
