കർഷകനെ വിളയിൽ നിന്ന് വിലയിലേക്ക് എത്തിക്കാനുള്ള ഒരു പാതയാണ് വൈഗ: കൃഷി മന്ത്രി പി പ്രസാദ്.
- Posted on February 12, 2026
- News
- By Goutham prakash
- 39 Views
വൈഗ കാർഷിക മേള
2026ന് വർണ്ണാഭമായ തുടക്കം, മൂല്യവർധനയും സംരംഭകത്വവും കേന്ദ്രീകരിച്ച് ആറുദിവസത്തെ കാർഷിക മഹാമേള ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2026 ന് ഇന്ന് (ഫെബ്രുവരി 11) തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. CIAL മോഡലിൽ കൃഷി വകുപ്പ് പണികഴിപ്പിക്കുന്ന കേരള അഗ്രോ ബിസ്സിനസ്സ് കമ്പനി ഉയരാൻ പോകുന്ന ആനയറയിലെ കൃഷി വകുപ്പിന്റെ തന്നെ വേദിയിലാണ് വൈഗ ഇത്തവണ സംഘടിപ്പിക്കുന്നത് എന്നത് വളരെ സന്തോഷം നൽകുന്ന വസ്തുതയാണെന്ന് വൈഗ 2026 ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ജൈവ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പൂർണ്ണമായും ചേനയിൽ നിർമ്മിച്ച വിളക്കാണ് ഉദ്ഘാടനത്തിന് ഉപയോഗിച്ചത്. കർഷകരുടെ അധ്വാനം വളരെ വലുതാണ് എന്നാൽ അവരുടെ ഉൽപ്പന്നങ്ങൾക്ക് അവർ അർഹിക്കുന്ന വില ലഭിക്കുന്നുണ്ടോ എന്നത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്. ഇവിടെയാണ് കർഷകരെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വൈഗ പോലുള്ള പരിപാടികളുടെ പ്രസക്തി മന്ത്രി കൂട്ടിച്ചേർത്തു. കർഷകരെ പ്രോത്സാഹിപ്പിക്കേണ്ടത് കേവലം സബ്‌സിഡികൾ നൽകിക്കൊണ്ടല്ല, എന്നാൽ കർഷകരെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവരാക്കി മാറ്റുന്ന സംരംഭകത്വത്തിലേക്ക് എത്തിച്ചുകൊണ്ടാവണം. കഴിഞ്ഞ വൈഗയിലൂടെ ഏതാണ്ട് 40 കോടി രൂപ മൂല്യമുള്ള ബിസ്സിനസ്സ് കരാറുകളിൽ കർഷകർക്ക് ഏർപ്പെടാൻ കഴിഞ്ഞു. കാലാവസ്ഥ നമുക്ക് മുന്നിൽ വലിയൊരു വെല്ലുവിളി ഉയർത്തുന്നുണ്ട്, കേന്ദ്ര സർക്കാരിൽ നിന്നുള്ള അവഗണന മറ്റൊരു വസ്തുതയാണ് നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെ സഹായത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. കർഷരുടെ ഉല്പാദനത്തിന്റെ വിലയിലുള്ള അസ്ഥിരത മറ്റൊരു പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാരിന്റെ താങ്ങു വിലയോടൊപ്പം സംസ്ഥാന സർക്കാരും വിഹിതം നൽകിയാണ് 30 രൂപ നിരക്കിൽ നെല്ല് സംഭരിക്കാൻ കഴിയുന്നത് മന്ത്രി പറഞ്ഞു. മൂല്യവർദ്ധനവിനോടൊപ്പം നൂതന സാങ്കേതിക വിദ്യകൾ നമുക്ക് കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയണം. അത്തരത്തിൽ ഒരു കാർഷിക മുന്നേറ്റത്തിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് കർഷകരെ എത്തിക്കേണ്ടത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് മന്ത്രി പറഞ്ഞു.
ഉൽപാദകൻ എന്ന പേരിൽ കർഷകനെ പൂട്ടിയിടരുത് എന്നതിന്റെ പേരിൽ എടുത്ത ഒരു നിലപാടിന്റെ പേരാണ് വൈഗ മന്ത്രി അഭിപ്രായപ്പെട്ടു. എം എൽ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരിക്കകം വാർഡ് കൗൺസിലർ അഡ്വ. അശ്വതി എം.എസ്. വിവിധ കൃഷി വകുപ്പ് ബോർഡ് ചെയർമാൻമാർ മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ, ഉല്പാദനോപാധികൾ, നടീൽ വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ച് 250-ലധികം സ്റ്റാളുകൾ ഉൾപ്പെടുത്തിയ വിപുലമായ കാർഷിക പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. കൃഷിക്കൂട്ടങ്ങൾ, കാർഷികോദ്പാദന സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതു മേഖല, സർക്കാരിതര, അർദ്ധ സർക്കാർ, സർക്കാർ, സംരംഭകർ തുടങ്ങിയവരുടെ കാർഷിക നേട്ടങ്ങൾ പ്രതിപാദിക്കുന്ന കാർഷിക പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു. ഗുജറാത്ത്, കർണ്ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെയും, കാർഷിക സർവ്വകലാശാല, നബാർഡ്, കേന്ദ്ര ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെയും കാർഷിക പ്രദർശനങ്ങളും ഇതിൽ ഉൾപ്പെടും. പ്രദർശന നഗരിയോടനുബന്ധിച്ച് വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണ ശാലയും, വ്യത്യസ്തങ്ങളായ കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും കർഷകർക്കും ഫെബ്രുവരി 16 വരെ പ്രദർശനം സന്ദർശിക്കാം.
വൈഗയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. പാക്കേജിംഗ്, ഗുണനിലവാര നിയന്ത്രണം, FPOകൾ, ജൈവ–പ്രകൃതി കൃഷി, ചെറു ധാന്യങ്ങൾ, കാർഷിക കയറ്റുമതി, AI അധിഷ്ഠിത സ്മാർട്ട് ഫാമിംഗ്, മൂല്യവർധിത ഉൽപ്പന്ന വികസനം, വനിതാ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഡി.പി.ആർ (Detailed Project Report) ക്ലിനിക്ക് ഫെബ്രുവരി 9, 10 തീയതികളിൽ സമേതി പരിശീലന കേന്ദ്രത്തിൽ വിജയകരമായി നടന്നു. ലഭിച്ച 228 അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 55 സംരംഭകർക്കാണ് വിദഗ്ധരുടെ സഹായത്തോടെ ബാങ്കുകൾക്ക് അനുയോജ്യമായ രീതിയിൽ പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയത്. തയ്യാറാക്കിയ ഡി.പി.ആറുകൾ വൈഗ വേദിയിൽ വിതരണം ചെയ്യും. കർഷകരെയും കാർഷിക സംരംഭകരെയും വിപണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ഫെബ്രുവരി 13ന് B2B മീറ്റ് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കും. രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുത്ത 130 ഉൽപാദകരും 96 വ്യാപാരികളും പങ്കെടുക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള കർഷക പ്രതിനിധികൾ പങ്കെടുക്കുന്ന കർഷക പാർലമെന്റ് ഫെബ്രുവരി 16ന് ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടക്കും. കേരളത്തിൻറെ കൃഷിയുടെ ഭാവി എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്ന കർഷക പാർലമെൻറ് പതിനാറാം തീയതി നടക്കും കൃഷി ആസൂത്രണം നടത്തേണ്ടത് കർഷകൻ ഉൾപ്പെടുന്ന കൃഷിയിടങ്ങളിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നയരൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർഷകർക്ക് നേരിട്ട് അഭിപ്രായം പങ്കിടാനുള്ള വേദിയാകും ഇത്. വൈഗ 2026ന്റെ ഭാഗമായി ഫെബ്രുവരി 11 മുതൽ 16 വരെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. ചടങ്ങിന് കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി. മുത്തപ്പാണ്ടി, കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ. രാജേന്ദ്രൻ, വാഴക്കുളം ഫ്രൂട്ട് പ്രോസസിംഗ് കമ്പനി ചെയർമാൻ ബെന്നി കക്കാട്, മെമ്പർ കടാശ്വാസ കമ്മീഷൻ വേണുഗോപാലൻ നായർ, കാംകോ ചെയർമാൻ സി കെ ശശിധരൻ, കെയ്കോ ചെയർമാൻ വി കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു. വേദിയിൽ മുതിർന്ന കർഷകനായ വിജയ ഭാസ്കർ, മുതിർന്ന കർഷകൻ മോഹനൻ കെ. കർഷക തൊഴിലാളി ശശി എസ്. ജെ. എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങിന് കൃഷി അഡിഷണൽ ഡയറക്ടർ സിന്ധു എസ്. നന്ദി രേഖപ്പെടുത്തി.
