“ഏഷ്യയെ മൂടുന്ന വിഷപ്പുക:


ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധികളിലൊന്നായ വായു മലിനീകരണം ഏഷ്യൻ രാജ്യങ്ങളിൽ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും മലിനമായ 10 രാജ്യങ്ങളിൽ ഏഴും ഏഷ്യയിലാണുള്ളത്. ഇന്ത്യയിൽ മാത്രം പുറംവായു മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ആഗോള കണക്കിലെ മൂന്നിലൊന്നിലധികമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.


വ്യാവസായിക പുക, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ, ജൈവ ഇന്ധനങ്ങളുടെ ഉപയോഗം, മാലിന്യ ദഹനം എന്നിവയാണ് പ്രധാന മലിനീകരണ കാരണങ്ങൾ. എന്നാൽ ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളും കർഷകരും നിയന്ത്രണങ്ങളില്ലാത്ത വ്യവസായ മേഖലകളിലെ തൊഴിലാളികളും വീടുകളിൽ പുകമറയ്ക്കിടയിൽ പാചകം ചെയ്യുന്ന സ്ത്രീകളുമാണ്.


വായു മലിനീകരണത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ പലപ്പോഴും യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവയ്ക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചില സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലാത്ത പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ, ചില കമ്പനികൾ പരിസ്ഥിതി സൗഹൃദമെന്ന പേരിൽ മലിനീകരണത്തിന്റെ യഥാർത്ഥ വ്യാപ്തി മറച്ചുവയ്ക്കുന്നതായും വിമർശനമുണ്ട്.


ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ശ്വാസകോശ രോഗങ്ങളിലോ ഹൃദയസംബന്ധമായ അസുഖങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല. ദീർഘകാല മലിനീകരണ സമ്പർക്കം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഗർഭിണികളിൽ വായു മലിനീകരണം അകാല പ്രസവം, കുറഞ്ഞ ജനനഭാരം, ശിശുക്കളിലെ വളർച്ചാ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.


ഈ സാഹചര്യത്തിൽ വായു മലിനീകരണ വിഷയത്തിന് കൂടുതൽ മാധ്യമശ്രദ്ധ ലഭ്യമാക്കുന്നതിനായി ഇന്റർന്യൂസിന്റെ എർത്ത് ജേർണലിസം നെറ്റ്‌വർക്ക് (EJN), പുലിറ്റ്‌സർ സെന്ററിന്റെയും ‘Choked: Life and Breath in the Age of Air Pollution’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവായ ബെത്ത് ഗാർഡിനറിന്റെയും സഹകരണത്തോടെ ‘Following the Fumes’ എന്ന രാജ്യാന്തര അന്വേഷണാത്മക റിപ്പോർട്ടിംഗ് പദ്ധതിക്ക് തുടക്കമിട്ടു.


അഞ്ച് രാജ്യങ്ങളിലായി ഏഴ് മാധ്യമസ്ഥാപനങ്ങൾ മാസങ്ങളോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ഈ പ്രത്യേക റിപ്പോർട്ട് പരമ്പര. വായു മലിനീകരണത്തിന്റെ ഉറവിടങ്ങൾ, രാഷ്ട്രീയ പശ്ചാത്തലം, കോർപ്പറേറ്റ് ഉത്തരവാദിത്തം, പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ പുറത്തുകൊണ്ടുവരുന്നത്.


DUNIA, Prachatai, Drilled, Live Science, Project Multatuli, Philippine Center for Investigative Journalism, Mekong Eye എന്നീ മാധ്യമസ്ഥാപനങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. പങ്കുവെച്ച ഡാറ്റയും വിവരസ്രോതസ്സുകളും ഉപയോഗിച്ചുള്ള സഹകരണ മാധ്യമപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.


“ഏഷ്യയിലെ വായു മലിനീകരണം ഒറ്റ പ്രശ്നമല്ല; വിവിധ ഭൂമിശാസ്ത്ര മേഖലകളിലും വ്യവസായങ്ങളിലും ഭരണ സംവിധാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന നിരവധി പ്രതിസന്ധികളുടെ സമാഹാരമാണ് അത്. ആ സങ്കീർണതകളെ ആഴത്തിൽ പിന്തുടരാനുള്ള ശ്രമമാണ് ‘Following the Fumes’,” എന്ന് പദ്ധതിയുടെ പ്രത്യേക എഡിറ്ററായ സാം ശ്രാംസ്കി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like