ആക്സിഡന്റ് കേസിന് കൈക്കൂലി:-പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

 സി.ഡി. സുനീഷ്    


തൃശ്ശൂർ തയ്യൂർ സ്വദേശിയും വക്കീൽ ഗുമസ്തനുമായ പരാതിക്കാരനിൽ നിന്നും ആക്സിഡന്റ് കേസിലെ രേഖകളുടെ പകർപ്പ് നൽകുന്നതിന് 2,000/- രൂപ കൈക്കൂലി വാങ്ങിയ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷ്. എ യെ വിജിലൻസ് ഇന്ന് (02.07.2025) കയ്യോടെ പിടികൂടി.

  തൃശ്ശൂർ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ  13.03.2025 തിയതി രജിസ്റ്റർ ചെയ്ത ഒരു ആക്സിഡന്റ് കേസിലെ സി.ഡി ഫയൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷ്. എ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഈ കേസിൽ ആക്സിഡന്റിൽ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശി, കേസിന്റെ കാര്യങ്ങൾ നോക്കുന്നതിനായി പരാതിക്കാരൻ ഗുമസ്തനായി ജോലി നോക്കുന്ന ഓഫീസിലെ വക്കീലിനെയാണ് ഏൽപ്പിച്ചിരുന്നത്. പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് ഭാഷ വശമില്ലാത്തതിനാൽ വക്കീലിന്റെ  നിർദ്ദേശപ്രകാരം    വക്കീൽ ഗുമസ്ഥനായ പരാതിക്കാരൻ കേസിന്റെ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ പോകുകയും സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷിനെ കാണുകയും ചെയ്തിരുന്നു. തുടർന്ന് 20.05.2025 തിയതി  സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷിനെ പരാതിക്കാരൻ ഫോണിൽ വിളിച്ച് കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ,  കോടതിയിൽ സമർപ്പിക്കേണ്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും, ആയതിന്റെ പകർപ്പിന് 2,000/-രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പല പ്രാവശ്യം ഫോണിൽ തിരികെ വിളിച്ചും സജീഷ് കൈക്കൂലി തുകയായ 2,000/-രൂപ ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരൻ ഇന്നലെ (01.07.2025) രേഖകളുടെ പകർപ്പിന് വേണ്ടി സജീഷിനെ ഫോണിൽ വിളിച്ചപ്പോൾ നാളെ ഉച്ച കഴിഞ്ഞ് ഒല്ലൂർ പോലീസ് സ്റ്റേഷന് പുറത്ത് എത്തിയ ശേഷം വിളിക്കണമെന്നും, കൈക്കൂലിയായ 2,000/- രൂപ നൽകണമെന്നും അപ്പോൾ രേഖകൾ കൈമാറാമെന്നും പറഞ്ഞു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (02.07.2025) വൈകുന്നേരം 03.20 മണിക്ക് ഒല്ലൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,000/-രൂപ കൈക്കൂലി വാങ്ങവേ  ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സജീഷ്. എ യെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

  പൊതുജനങ്ങളുടെ  ശ്രദ്ധയിൽ  അഴിമതി സംബന്ധിച്ച  വിവരങ്ങൾ  ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ  ടോൾ  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്  ആപ്പ്  നമ്പരായ 9447789100 എന്ന  നമ്പരിലോ  അറിയിക്കണമെന്ന്  വിജിലൻസ് ഡയറക്ടർ  മനോജ്  എബ്രഹാം ഐ.പി.എസ്സ്  അഭ്യർത്ഥിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like