മുള പോളാക്കി മത്സരത്തിൽ പങ്കെടുത്ത അഭിനവിന് മന്ത്രിയുടെ സമ്മാനം പോൾ.
- Posted on October 21, 2025
- News
- By Goutham prakash
- 16 Views

ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലും പോൾ വാട്ടിലുള്ള അഭിനിവേശം അഭിനവ് കളണ്ടില്ല.
പോൾ മുള പോളാക്കി താരമായ അഭിനവ് മേളയിലെത്തി; സ്വന്തമായി പോൾ സമ്മാനിച്ച് മന്ത്രി.
മുള കൊണ്ട് പോൾ ഉണ്ടാക്കിയ അഭിനവിന് സ്വന്തമായി പോൾ നൽകി മന്ത്രി
വയനാട് ജില്ലാ തല കായിക മേളയിൽ മുള കൊണ്ട് പോൾ ഉണ്ടാക്കി മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവ് എ എം കളിക്കളത്തിന്റെ മൂന്നാം ദിനത്തിൽ ശ്രദ്ധേയ താരമായി. മേളയിലെത്തിയ അഭിനവിന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പോൾ വാൾട്ട് സമ്മാനിച്ചു.
ചെറുപ്പം മുതൽ പോൾ വാൾട്ട് വീഡിയോകൾ കണ്ട് അതിൽ ആകൃഷ്ടനായി ബലമുള്ള മുളങ്കമ്പുകൾ പോൾ ആക്കി ചാടി പരിശീലിക്കലായിരുന്നു അഭിനവിന്റെ ഹോബി.
വിവിധ കായിക ഇനങ്ങളിൽ മത്സരിച്ചു പരീക്ഷിച്ചെങ്കിലും പോൾ വാൾട്ടാണ് തന്റെ മേഖലയെന്ന് അഭിനവിന് ബോധ്യപ്പെടുത്തിയതും അതിനാവശ്യമായ പരിശീലന മാർഗ നിർദേശങ്ങൾ നൽകിയതും കോച്ച് സജിയായിരുന്നു.
ജില്ലാ തലത്തിൽ മത്സരിക്കാൻ പോൾ ഇല്ലാതെ വന്നപ്പോൾ സജിയും അഭിനവും സ്കൂളിന് പരിസരത്തുനിന്ന് മുള വെട്ടി പോൾ തയ്യാറാക്കി ആണ് മത്സരത്തിൽ പങ്കെടുത്തത്.
അഭിനവ് മികച്ച വിജയത്തിലേക്ക് കുതിച്ചുയർന്നപ്പോൾ കോച്ച് സജിയുടെ മാർഗനിർദേശങ്ങളും പരിശീലന രീതികളും ഏറെ പ്രശംസ നേടി.
കുട്ടിയുടെ കായികവും മാനസികവുമായ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കിയാണ് സജി അഭിനവിനെ വിജയത്തിലേക്ക് കുതിപ്പിച്ചത്.
പോൾ വാൾട്ടാണ് തന്റെ ഇനമെന്നു തിരിച്ചറിഞ്ഞതും ആദ്യമായി മത്സരിക്കാൻ പ്രോത്സാഹനം നൽകിയതും കോച്ചാണെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിനവ് പറഞ്ഞു.
ഇത്തവണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന സെലക്ഷനും നേടിയ അഭിനവിന് കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കാനായി. മറ്റൊരു സ്കൂളിൽ നിന്ന് പോൾ വാങ്ങി മത്സരിച്ചാണ് അഭിനവ് ഈ വിജയം കൊയ്തത്.
പോൾ വാൾട്ട് നാഷണൽ ചാമ്പ്യനാകുക
എന്നതാണ് മാനന്തവാടി ജിവിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവിന്റെ ലക്ഷ്യം.