കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് വയനാട്ടില്‍
- Posted on March 09, 2025
- News
- By Goutham prakash
- 163 Views
കല്‍പ്പറ്റ:
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് ( മാര്‍ച്ച് 9 ) വയനാട്ടില്‍. വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലയില്‍ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത അനുഭവിക്കുന്ന പിന്നാക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിന് തുടക്കം കുറിച്ചാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്. ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും. നാളെ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഗോത്രപര്‍വ്വത്തില്‍ ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, കാര്‍ഷിക, സംരംഭകത്വ മേഖലകളിലെ പിന്നാക്കാവസ്ഥപരിഹരിക്കുന്നതിനായുള്ള തുടക്കമെന്ന നിലയില്‍ വിവിധ ശില്‍പ്പശാലകളും നടക്കുന്നുണ്ട്. എപിജെ അബ്ദുള്‍ കലാം ടെകനോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. ശിവപ്രസാദ്, അന്താരാഷ്ട്ര സെലിബ്രിറ്രി മെന്ററും പരിശീലകനുമായ നിതിന്‍ നങ്ങോത്ത്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍ എന്നിവര്‍ ഗോത്രസമൂഹങ്ങളും ഉപരിപഠന സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് വിഭാവാണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.പി. രാജീവ്, കണ്ണൂര്‍ ജില്ലാ മുന്‍ പ്ലാനിങ് ഓഫീസര്‍ അജയകുമാര്‍ മേനോത്ത് എന്നിവര്‍ നയിക്കുന്ന കാര്‍ഷിക, സംരംഭകത്വ ശില്‍പശാലയും നടക്കും. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ഗവര്‍ണര്‍ ഗോത്രപര്‍വ്വം 2025 ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷനും വിനായക ഹോസ്പിറ്റല്‍ എംഡിയുമായ ഡോ. ഡി.മധുസൂദനന്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ കാര്‍ഷിക രംഗത്തും പൊതുരംഗത്തും സജീവമായി മാറിയ നാരീശക്തിയുടെ പ്രതീകമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മ, വയനാടിന്റെ വാനമ്പാടിയായ ഗോത്ര വിഭാഗത്തിലെ യുവഗായിക രേണുക, തിരക്കഥാകൃത്തും ദേശീയ പുരസ്‌കാരം നേടിയ ഷോര്‍ട്ട് ഫിലിം സംവിധായകയുമായ ആതിര വയനാട് എന്നിവരെ ആദരിക്കും. ജന്മഭൂമി അമ്പതാം വര്‍ഷ ആഘോഷസമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മ്മസമിതി, പീപ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വട്ടക്കുണ്ട് ഉന്നതി സന്ദര്‍ശിക്കും.
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് 12 മണിക്ക് ചുണ്ടേല്‍ ആനപ്പാറ വട്ടക്കുണ്ട് കാട്ടുനായ്ക്ക ഉന്നതി സന്ദര്‍ശിക്കും. ഉന്നതിയിലെത്തുന്ന ഗവര്‍ണറെ മൂപ്പനും വൈത്തിരി പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. കോളനിയിലുള്ളവര്‍ തന്നെ നിര്‍മ്മിച്ച പാരമ്പര്യ വാദ്യോപകരണങ്ങള്‍ നല്‍കിയാണ് ഗവര്‍ണറെ സ്വീകരിക്കുക. കോളനിയിലെ പുരുഷന്‍മാര്‍ അവതരിപ്പിക്കുന്ന വട്ടക്കളിയും മറ്റ് ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും. ഗവര്‍ണറുടെ പ്രത്യേക താല്‍പര്യ പ്രകാരം രാജ്ഭവന്‍ മുന്‍കൈയ്യെടുത്താണ് വട്ടക്കുണ്ട് കോളനി സന്ദര്‍ശിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട കാട്ടുനായ്ക്ക കോളനികളില്‍ ഒന്നാണ് വട്ടക്കുണ്ട്. 55 കുടുംബങ്ങളിലായി നൂറ്റിപ്പത്തിനടുത്ത് ആള്‍ക്കാരാണ് ഇവിടെ താമസിക്കുന്നത്. വായുമാര്‍ഗ്ഗം രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന ഗവര്‍ണ്ണറുടെ ആദ്യത്തെ പരിപാടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലാണ്. രാവിലെ 11 മണിക്ക് സര്‍വ്വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. വട്ടക്കുണ്ട് കോളനി സന്ദര്‍ശനത്തിന് ശേഷം ഉച്ചക്ക് 1 മണിക്ക് കല്‍പ്പറ്റ ഗസ്റ്റ്ഹൗസില്‍ എത്തുന്ന ഗവര്‍ണര്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗോത്രവിഭാഗത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത അനുഭവിക്കുന്ന പിന്നാക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിന് തുടക്കം കുറിച്ചാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്. ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും. പരിപാടിക്ക് ശേഷം വൈകുന്നേരം 6 മണിയോടെ ഗവര്‍ണര്‍ റോഡ് മാര്‍ഗം കണ്ണൂരിലേക്ക് മടങ്ങും.
