ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യ വകുപ്പ്
- Posted on May 20, 2024
- Climate News
- By Varsha Giri
- 222 Views
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. കഴിവതും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.
സ്വന്തം ലേഖകൻ