കേരളത്തെ വന്യജീവികളുടെ കുരുതിക്കളമായി മാറ്റുന്ന വന്യജീവി സംരക്ഷണ ഭേതഗതി നിയമം തള്ളിക്കളയണം.വയനാട് പ്രകൃതി സംരംക്ഷണ സമിതി.
- Posted on October 14, 2025
- News
- By Goutham prakash
- 34 Views

പരിസ്ഥിതി പ്രവർത്തകരുടെയും വിഷയ വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും എതിർപ്പിനെ ഒട്ടും മാനിക്കാതെ കേരള അസംബ്ലി പാസ്സാക്കിയ വന്യജീവി സംരക്ഷണ( കേരള - ഭേതഗതി) ബില്ലിനും 1961 ലെ കേരള ഫോറസ്റ്റ് പ്രൊട്ടക്ഷൻ (ഭേതഗതി ) ബില്ലിന്നും
അംഗീകരം നൽകാതെ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കോ എക്സിസ്റ്റൻസ് കളക്ടീവ് കേരളയും കേരള ഗവർണറോടും ഇന്ത്യൻ യൂണിയൻ പ്രസിഡണ്ടിനോടും അഭ്യർഥിച്ചു.
ഈ ബില്ലിന്ന് യാതൊരു ശാസ്ത്രീയ അടിത്തറയും വിഷയ വിദഗ്ദരുടെ പിൻതുണയും ഇല്ലാത്തതും ജനാധിപത്യവിരുദ്ധവും വനം-വന്യജീ വിരുദ്ധവും ഫെഡറൽ തത്വങ്ങളെ മാനിക്കാത്തതും നിയമവിരുദ്ധവുമാണ്. കൺകറൻ്റ് ലിസ്റ്റിൽ പെട്ട നിയമം എക പക്ഷീയമായി ഭേതഗതി ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദമായി സംഘടിതമായി ചില മത മേലധ്യക്ഷൻമാരും ഖനന - വനം കൈയേറ്റ ലോബിയും ബോധപൂർവ്വം അഴിച്ചു വിട്ട വനം വന്യജീവി വിദ്വേഷത്തിൻ്റെ ബാക്കിപത്രമാണ് നിയമസഭ പാസ്സാക്കിയ ബിൽ. നിർദ്ദിഷ്ട നിയമം തലവേദനക്ക് പരിഹാരമായി തല മുറിച്ചുകളയുന്നതുപോല ബുദ്ധിശൂന്യവും അസംബന്ധവുമാണ്. മലയോര സംഘടിത വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തുന്ന രാഷ്ട്രീയഗിമ്മിക്ക് കൂടിയാണീ ബിൽ. വന്യജീവി മനുഷ്യ സംഘർഷം ആദിവാസികളെയും വനമേഘയിലെ യഥാർഥ കർഷകരെയും വിശ്വാസത്തിലെടുത്ത് ശാസ്ത്രീയമായി പരിഹരിക്കുകയാണ് വേണ്ടത്. വന്യജീവികളെ കൊന്നൊടുക്കൽ ആത്യന്തികമായി പ്രശ്നം വഷളാക്കുകയേ ഉള്ളൂ.
ഇതു നിയമമായി കഴിഞ്ഞാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന ഏതൊരു വന്യജീവിയെയും ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും വെടിവെച്ചു കൊല്ലാൻ സാധിക്കും. ഏതെങ്കിലും വന്യജീവികൾ എണ്ണത്തിൽ പെരുകിയെന്ന് അധികൃതർക്കു തോന്നിയാൽ അവയെ യാതൊരു ശാസ്ത്രീയ പഠനത്തിൻ്റെയും പിൻബലമില്ലാതെ പിടുച്ചു മാറ്റാൻ സാധിക്കും.
നമ്മുടെ കാടുകളുടെ യഥാർഥ സംരക്ഷകരും കാവൽക്കാരുമായ ആദിവാസി വാച്ചറന്മാർക്ക് വനം കുറ്റവാളികളെ കാട്ടിൽ വെച്ച് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇല്ലാതാകും. ചുരുക്കത്തിൽ ഈ ബിൽ കേരളത്തിലെ മാത്രമല്ല, പശ്ചിമഘട്ടത്തിലെ ആകെ സമ്പന്നമായ വന്യജീവി വൈവിധ്യത്തിൻ്റെ മരണമണിയായിരിക്കുമെന്ന് തീർച്ചയാണ്. കേരളത്തിലെ വനപരിസര പ്രദേശങ്ങൾ വന്യജീവികളുടെ കുരുതിക്കളമാകാൻ പൊവുകയാണ്.
ബില്ലിന്ന് കേരള ഗവർണ്ണറും ഇന്ത്യൻ യൂണിയൻ പ്രസിഡണ്ടും അംഗീകാരം നൽകുന്നതോടെ മാത്രമെ നിയമമായി മാറൂ .ബില്ലിന്ന് അംഗീകാരം നൽകരുതെന്നും തള്ളിക്കളയണമെന്നും അഭ്യത്ഥിക്കുന്ന നിവേദനം കേരള ഗവർണർക്കും ഇന്ത്യൻ യൂണിയൻ പ്രസിഡണ്ടിനും സമർപ്പിച്ചു.
യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. അഡ്വ: ടി. എസ്സ്.സന്തോഷ് , ,വീണ മരത്തൂർ , എം എൻ ജയചന്ദ്രൻ, കെ.എ.സുലൈമാൻ , അൻവർ സാദത്ത് നിലമ്പൂർ, തോമസ്സ് അമ്പലവയൽ, ബാബു മൈലമ്പാടി, മീരാ രാജേഷ് , ടി.വി. രാജൻ, സത്യൻ മേപ്പയൂർ പ്രസംഗിച്ചു.
'