പുനരധിവാസം ഔദാര്യമല്ല; അവകാശമാണ്
- Posted on August 09, 2024
- News
- By Varsha Giri
- 262 Views
തുരങ്കപാത ഉപേക്ഷിക്കണം. മലഞ്ചരിവുകളിലെ ടൂറിസം റിസോർട്ടുകൾ പൊളിച്ചു മാറ്റണം.വയനാട് പ്രകൃതി സംരംക്ഷണ സമിതി
കൽപ്പറ്റ: മുണ്ടക്കെ ദുരന്തത്തിലെ ഇരകൾക്കും അതിജീവിച്ചവർക്കുമുള്ള പുനരധിവാസവും പുനർനിർമ്മാണവും നഷ്ടപരിഹാരവും ഭരണാധികാരികളുടെയോ മറ്റ് ആരുടെയെങ്കിലുമോ ഔദാര്യമല്ലെന്നും അവരടെ അവകാശമാണെന്നും ഉറപ്പു വരുത്തുന്ന നിയമനിർമ്മാണം നടത്തണമെന്നും സമയബന്ധിതമായും സുതാര്യമായും അഴിമതിരഹിതമായും നടപ്പിലാക്കാൻ സ്റ്റാട്യൂട്ടറി അധികാരമുള്ള അഥോറിട്ടിയോ മിഷനോ രൂപീകരിക്കണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാർ 2013 ൽകൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കൽ ആക്ട് ( LARR ആക്ട് ) ന് സമാനമായ നിയമനിർമ്മാണം നിലവിലുള്ള അസംബ്ളി യോഗത്തിൽ തന്നെ പാസാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും പ്രതിപക്ഷത്തോടും ഞങ്ങൾ അഭ്യത്ഥിക്കുന്നു.
ദുരന്തം മൂലം എല്ലാം നഷ്ടപ്പെട്ടവർക്കുള്ള സഹായം ഔദാര്യത്തിന്റെയോ സഹതാപത്തിന്റെയോ പേരിൽ നൽകേണ്ടതല്ല; ഇത് അവരുടെ അവകാശമായി വേണം പരിഗണിക്കാൻ. ദുരന്തബാധിതർക്ക് പൂർണ്ണവും ന്യായയുക്തവുമായ നഷ്ട പരിഹാരവും പുനർനിർമ്മാണവും ഉറപ്പു വരുത്തണം.അല്ലാതെ ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ല.നിയമനിർമ്മാണം നടത്തിയാൽ ഇരകൾ ഉദ്വോഗസ്ഥരുടെയും അധികൃതരുടെയും മുൻപിൽ യാചിച്ചു നിൽക്കേണ്ട ഗതികേട് വരില്ല. അഴിമതിക്ക് കുപ്രസിദ്ധരായ ഉദ്യോഗസ്ഥന്മാരുടെ മേച്ചിൽപുറമാണ് വയനാട്ജില്ല . വയനാട്ടിലെ മിക്ക സർക്കാർ പ്രൊജക്ടുകളിലും അഴിമതിയുടെ കൂത്തരങ്ങാണ്. ആർജ്ജവവും പ്രതിബദ്ധതയുമുള്ള, വയനാടിനെ അറിയുന്ന സീനിയർ ഐ.എ .എസ്സ് ഉദ്യോഗസ്ഥൻ തലവനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഉദ്വോഗസ്ഥരടങ്ങിയ അഥോറിട്ടിയോ മിഷനോ രൂപീകരിക്കാൻ സർക്കാർ അമാന്തിച്ചു കൂടാ.
മലഞ്ചരിവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നതായി സെസ്സും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അഥോറിട്ടിയും സർക്കാർ നിശ്ചയിച്ച മറ്റു കമ്മറ്റികളും കണ്ടെത്തിയ 4000 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കുകയും ചുമതല അഥോറിട്ടിക്ക് കൈമാറുകയും വേണം.
മുണ്ടക്കൈക്കും പുത്തുമലക്കും സമീപത്തു കൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കള്ളാടി - ആനക്കാംപൊയിൽ തുരങ്കപാതക്കും വിവിധ ചുരംബദൽ റോഡുകൾക്കും അനുമതി നിഷേധിക്കണം. മലഞ്ചെരിവുകളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റു നിർമ്മിതികളും പൊളിച്ചു മാറ്റുകയും ടൂറിസം നിയന്ത്രിക്കകയും വയനാട്ടിലെ സന്ദർശകരുടെയും വാഹനങ്ങളുടെയും വാഹക ശേഷി നിർണ്ണയിക്കുകയും ചെയ്യണം. വാളത്തൂർ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണം.
ബോചെഭൂമിപുത്രാ കമ്പനി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയിരം ഏക്കർ ചായത്തോട്ടം സർക്കാർ ഭൂമിയാണ്. അതും ചേലോട്, ചെമ്പ്രാപിക്ക് , ബ്രമ്മഗിരി എ.ബി.സി, എ .വി.ടി., എൽസ്റ്റൺ,പോഡാർ തുടങിയ 160000 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള തോട്ടങ്ങൾ ഏറ്റെടുക്കുകയും അവിടങ്ങളിടെ നിയമവിരുദ്ധ ടൂറിസം നിർമ്മിതികൾ പൊളിച്ചു കളയുകയും വേണമെന്ന് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
സമിതി യോഗത്തിൽ എൻ ബാദുഷ അധ്യക്ഷൻ. തച്ചമ്പത്ത് രാമകൃഷ്ണൻ, എ.വി. മനോജ്, ബാബു മൈലമ്പാടി, തോമസ്സ് അമ്പലവയൽ , പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.
