*ജുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് പേർക്ക് ജുവിൻ പുതുജീവനേകും*
- Posted on June 24, 2026
- News
- By Goutham prakash
- 22 Views
തിരുവനന്തപുരം :
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജുവിൻ രാജുവിന്റെ (16) ഹൃദയം ഇനി എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ 24 കാരനിൽ മിടിക്കും. തൃശൂർ ആളൂർ പേണിക്കപ്പറമ്പിൽ വീട്ടിൽ ജുവിൻ രാജുവിന്റെ ഹൃദയമടക്കം ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ജുവിന്റെ ഹൃദയത്തിന് പുറമെ ഒരു വൃക്കയും പാൻക്രിയാസും എറണാകുളം ലിസി ആശുപത്രിയിലെ രോഗിക്കും, മറ്റൊരു വൃക്ക കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗിക്കും, കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും നൽകി. രണ്ട് നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരളയിലെ ചികിത്സയിലുള്ളവർക്കുമാണ് കൈമാറിയത്.
വേർപാടിന്റെ വേദനക്കിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ കുടുംബം എടുത്ത മാതൃകാപരമായ തീരുമാനത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ജൂൺ 15-ന് രാവിലെ 11:30-നും 11:45-നും ഇടയിൽ ആളൂർ കദളിചിറയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ജുവിൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് അന്നുരാത്രി തന്നെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ജൂൺ 23-ന് (ഇന്ന്) ജുവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവദാന കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്. രാത്രി വൈകിയാണ് ശസ്ത്രക്രിയ പൂർത്തിയായത്.
അമ്മ ബീന രാജു, അച്ഛൻ പി വി രാജു , സഹോദരി: ജൂനിയ രാജു എന്നിവരാണ് കുടുംബാംഗങ്ങൾ.
