മാങ്ങയുടെ തെലിയിൽ നിന്ന് സുസ്ഥിര നിർമാണവസ്തുവും വ്യാവസായ മാലിന്യനിർമാർജ്ജന സാങ്കേതികവിദ്യയും വികസിപ്പിച്ച കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്.
- Posted on January 31, 2025
- News
- By Goutham prakash
- 180 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ കെ എസ് ബീന, റിസർച്ച് സ്കോളർ ജിൻഷ ടി വി എന്നിവർക്ക് മാലിന്യങ്ങളെ പുനരുപയോഗിച്ച് നിർമ്മാണത്തിന് അനുയോജ്യമായ സുസ്ഥിര വസ്‌തുവാക്കി മാറ്റുന്ന ന്യൂതന സാങ്കേതികവിദ്യക്ക് പേറ്റന്റ് ലഭിച്ചു.
അവരുടെ ഗവേഷണത്തിൽ മാങ്ങയുടെ തൊലി അടിസ്ഥാനമാക്കിയ നാനോമാറ്റീരിയലും പ്രത്യേക മാലിന്യവിഘടന വസ്‌തുക്കളും ചേർത്ത് അലുമിനിയം വ്യവസായ മാലിന്യമായ റെഡ് മഡിനെ പരിസ്ഥിതി സൗഹാർദ്ദപരമായ ഗ്രീൻ നാനോ റെഡ്‌മഡാക്കി മാറ്റുന്നു. റെഡ് മഡിന്റെ അമ്ലത്വവും ക്ഷാരത്വവും പോലുള്ള പ്രധാന പ്രതിബന്ധങ്ങളെ ഈ സാങ്കേതികവിദ്യ വഴി പരിഹരിച്ചു അതിനെ നിർമാണ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു സുസ്ഥിരനിർമാണ വസ്‌തുവാക്കുന്നു.
ഈ കണ്ടുപിടിത്തം പരമ്പരാഗത നിർമ്മാണ വസ്‌തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും റെഡ് മഡ് സംഭരിക്കാൻ ഉപയോഗിക്കുന്ന വലിയ ഭൂവിസ്‌തീർണമൊഴിവാക്കുന്നതിനും സഹായകമായേക്കും. ഇത് വ്യാവസായിക മാലിന്യ നിർമാർജ്ജനത്തിലും സുസ്ഥിര നിർമ്മാണത്തിലുമുള്ള വലിയ മുന്നേറ്റമാണ്.
ഈ പേറ്റന്റ്, കുസാറ്റിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (IUCIPRS), ഐപിആർ ഫാസിലിറ്റേഷൻ സെല്ലിന്റെ സഹായത്തോടെ പ്രഖ്യാപിക്കപ്പെട്ടതാണ്.
സ്വന്തം ലേഖകൻ.
