കുസാറ്റിൽ രണ്ട് ദിവസത്തെ അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കം
- Posted on January 22, 2025
- News
- By Goutham prakash
- 156 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെൻറർ ഫോർ റിസർച്ച് എത്തിക്സ് പ്രോട്ടോകോൾസ് ഐസിആർഇപി യുടേയും ന്യൂ ഡൽഹിയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും സംയുക്താഭിമുഖ്യത്തിൽ, ജനുവരി 22, 23 തീയതികളിലായി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. ‘സ്വകാര്യതയ്ക്കും സൈബറിടത്തിനും വേണ്ടി, ശക്തമായ ഒരു മനുഷ്യാവകാശ നിയമ ചട്ടക്കൂട് (ഹൈബ്രിഡ്) നിർമ്മിക്കുക’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണിക്ക് കുസാറ്റിലെ ഐസിആർഇപി സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജ് ജസ്റ്റിസ് ശ്യാം കുമാർ വി.എം ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫസർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻഎച്ച്ആർസി മുൻ അംഗം ശ്രീ രാജീവ് ജെയിൻ, കുസാറ്റിലെ ഐസിആർഇപി വിഭാഗം ഡയറക്ടർ പ്രൊഫസർ ഡോ വാണി കേസരി എ, കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ ശശി ഗോപാലൻ എന്നിവർ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി മൂന്ന് സെഷനുകളായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രണ്ടാം ദിനത്തിലെ വാലിഡിക്റ്ററി സെഷനിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം ശ്രീ ബൈജുനാഥ് മുഖ്യാതിഥിയാകും. കുസാറ്റ് രജിസ്ട്രാർ ഡോ അരുൺ എ യു സമ്മാനദാനം നിർവഹിക്കും.
സ്വന്തം ലേഖകൻ.
