ദുരന്തനിവാരണ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കുസാറ്റ് അധ്യാപകന് അന്താരാഷ്ട്ര പുരസ്‌കാരം
- Posted on January 18, 2025
- News
- By Goutham prakash
- 140 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നൂതന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിലെ (എസിഎഎആർ) ഡയറക്ടർ ഡോ. അഭിലാഷിന് കാലാവസ്ഥ അടിസ്ഥാനമാക്കിയ ദുരന്തങ്ങൾ ശാസ്ത്രീയമായി മുൻകൂട്ടി അറിയുന്നതിനും, പ്രവചിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ വികസപ്പിച്ചതിൽ ശ്രദ്ദേയമായ സംഭാവനകൾ നൽകിയതിനും, തദ്ദേശീയ ജനവിഭാഗങ്ങളെ അതിതീവ്ര കാലാവസ്ഥയിൽ നിന്നുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനു ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള അനുരൂപീകരണ പ്രവർത്തനങ്ങൾ വിഭാവന ചെയ്തതിനും അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു.
ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ദുരന്ത പരിപാലന സമ്മേളനത്തിൽ (World Congress on Disaster Management) കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്‌കാരം സമ്മാനിച്ചത്. ജമ്മു കശ്മീർ മുൻ ചീഫ് ജസ്റ്റിസ് എം എം കുമാർ അദ്ധ്യക്ഷനായ നാലംഗ സമിതിയാണ് പുരസ്‌കാരത്തിന് ഡോ. അഭിലാഷിനെ തിരഞ്ഞെടുത്തത്. ദുരന്തമേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വിവിധ സേനാവിഭാഗങ്ങളെയും, സംഘടനകളേയും, ശാസ്ത്രജ്ഞരെയും ചടങ്ങിൽ ആദരിച്ചു.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രോപിക്കൽ മീറ്ററോളജിയിലെ ശാസ്ത്രജ്ഞനായിരിക്കെ അഡ്വാൻസ്ഡ് എക്സ്റ്റൻഡഡ് റേഞ്ച് പ്രെഡിക്ഷൻ സിസ്റ്റം വികസിപ്പിക്കുന്നതിലും, CFS അടിസ്ഥാനമാക്കി Grand Ensemble prediction സിസ്റ്റംവും വികസിപ്പിക്കുന്നതിലും ഡോ. അഭിലാഷ് മുഖ്യ പങ്കുവഹിച്ചു.
വിവിധ ശാസ്ത്ര വിഷയങ്ങളെയും, തദ്ദേശീയമായ അറിവുകളെയും കോർത്തിണക്കി നയരൂപീകരണ വിദഗ്ധർ, സാമൂഹിക ശാസ്ത്രജ്ഞർ, വാർത്തമാധ്യമങ്ങൾ, പ്രദേശിക പരിസ്ഥിതി ശാസ്ത്രവും, പൗര സമൂഹവും എന്നിവരുമായി ഇഴചേർന്ന് സഹശാസ്ത്രനയരൂപീകരണ ശൈലിയാണ് ഡോ. അഭിലാഷ് അവലംബിച്ചു പോരുന്നത്.
കേരളത്തിലെ സമുദ്രമൽസ്യ മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് ടി പീറ്റർ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കേരളത്തിലെ വിവിധ മേഖലയിലെ സമൂഹങ്ങളുമായും, മാധ്യമ പ്രവർത്തകർ മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ കാലാവസ്ഥ വ്യതിയാനവുമായി നിരന്തരം സംവദിച്ചു വരുന്ന ജനകീയ ഗവേഷകനും, അധ്യാപകനുമാണ് ഡോ. അഭിലാഷ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡോപ്പ്ലെർ റഡാർ ഡാറ്റ ആദ്യമായി കാലാവസ്ഥ മാതൃകകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൃസ്വശ്രേണി പ്രവചന സവിധാനങ്ങൾ വികസിപ്പിചതിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ചുകൊണ്ട് 2007ൽ SAARC ശാസ്ത്രജ്ഞൻ മെഡൽ, കാലാവസ്ഥ പ്രവചന മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് 2017 ൽ ഇന്ത്യൻ കാലാവസ്ഥ സൊസൈറ്റിയുടെ അവാർഡ്, 2020 ൽ കുസാറ്റിലെ യുവശാത്രജ്ഞ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ.
