മാലിന്യക്കൂമ്പാരത്തിൽ നിന്നും വിലാസിനിയമ്മയുടെ സ്നേഹ സമ്മാനം
- Posted on December 01, 2023
- Localnews
- By Dency Dominic
- 233 Views
കൂടെനിന്നവരെ അത്‍ഭുതപ്പെടുത്തി തന്റെ ശരീരത്തിലെ ആകെയുള്ള സ്വർണ്ണതരി അഴിച്ച് ആ കുഞ്ഞിനെ അണിയിച്ചു
കൊട്ടാരക്കര സ്വദേശി വിലാസിനിയമ്മ അർബുദ രോഗിയാണ്, മാലിന്യം പെറുക്കിവിറ്റു ജീവിക്കുന്നു. അങ്ങനെ പണിയെടുത്തു കിട്ടിയ കൂലികൊണ്ടവർ ഏറെ ആഗ്രഹിച്ച് ഒരു സ്വർണ്ണമാല സ്വന്തമാക്കി. രോഗം മൂർച്ഛിച്ചാൽ ആരെയും ആശ്രയിക്കാതെ വിറ്റ് ചികിത്സായ്ക്ക് കാശുകണ്ടെത്താമെന്ന ചിന്തയിൽ കഴിയുകയായിരുന്നു. മാലിന്യ പ്ലാന്റിലെ ജീവനക്കാർക്കൊപ്പം അവർ പത്തനാപുരത്തെ ഗാന്ധിഭവൻ ഈയ്യിടെ സന്ദർശിച്ചു. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിന്റെ നൂലുകെട്ട് നടക്കുന്ന സമയം. കരിവളയിലും കരുത്ത ചരടിലും മാത്രം ചടങ്ങ് തീരുന്നത് കണ്ട അവർ കൂടെനിന്നവരെ അത്‍ഭുതപ്പെടുത്തി തന്റെ ശരീരത്തിലെ ആകെയുള്ള സ്വർണ്ണതരി അഴിച്ച് ആ കുഞ്ഞിനെ അണിയിച്ചു.
സ്വന്തം കുഞ്ഞിന് അഞ്ചുമാസം പ്രായമുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയ വിലാസിനി അമ്മയ്ക്ക് ആ കുട്ടിയുടെ മാതാവിന്റെ വിഷമം നന്നായി അറിയാമായിരുന്നു. വിവിധമേഖലകളിൽ കഴിവ് തെളിയിച്ച 6 വനിതകളെ വണ്ടർ വുമൺ അവാർഡ് നൽകി ദുബായിയിൽ വെച്ച് ആദരിക്കുമ്പോൾ മുഖ്യ അതിഥിയായി വിലാസിനിയമ്മയും തിരഞ്ഞെടുക്കപ്പെട്ടു. ദുബായിലെത്തിയ വിലാസിനിയമ്മ ഏറെ അഭിമാനത്തിലും ആഹ്ലാദത്തിലും ആണ്. അനുകമ്പയും അനുതാപം എപ്പോഴും അധികവും വിരിയുക സ്വയം സഹനമനുഭവിക്കുന്നവരിൽ തന്നെയാണ്.