പാക്കിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ പ്രതിരോധിച്ച് ഇന്ത്യ.
- Posted on May 09, 2025
- News
- By Goutham prakash
- 75 Views

സി.ഡി. സുനീഷ്.
ജമ്മുവില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം. പാക്ക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. രണ്ട് പാക്കിസ്ഥാന്‍ പൈലറ്റുമാരെ ഇന്ത്യ പിടികൂടി. ജമ്മു, പഠാന്‍കോട്ട് ഉധംപുര്‍ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തിയെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. കാശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയുടെ കനത്ത മറുപടി. ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യയുടെ കനത്ത ആക്രമണം. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണു വിവരം. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആക്രമണം നടത്തിയെന്നും വിവരങ്ങളുണ്ട്.
പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യ പാകിസ്ഥാനില്‍ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളില്‍ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടെന്ന് വിവരം. അഞ്ചിടങ്ങളില്‍ പാക് സൈനികരെ ബലൂച് ആര്‍മി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി വിവരമുണ്ട്.
ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. ഇന്നലെ സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങി.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാന്‍ ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഓഹരി വിപണി ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ട് വന്നതോടെ പാകിസ്ഥാന്‍ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു.
ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ്. കടംകയറിയ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്.
റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ, ഉപരിതലത്തില്‍ നിന്ന് തൊടുക്കുന്ന, മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.
പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ന് വൈകുന്നേരം നടക്കാനിരുന്ന പെഷവാര്‍ സല്‍മിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരം റദ്ദാക്കി. പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാന്‍ പിസിബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരന്‍ ബിഎസഎഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജവാന്മാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിയുതിര്‍ത്തതെന്ന് സൈന്യം അറിയിച്ചു.
തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന്‍ എംപി താഹിര്‍ ഇഖ്ബാല്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂവെന്നും ദൈവം രക്ഷിക്കട്ടേയെന്നും പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍. ഇന്ത്യന്‍ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്‍.
ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാന്‍ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നല്‍കി.
ഓപ്പറേഷന്‍ സിന്ദൂറില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന്‍ ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസറിന്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് മന്ത്രിസഭാ യോഗം സ്വാതന്ത്ര്യം നല്‍കി.