കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോകൾക്ക് നിയന്ത്രണവുമായി യൂട്യൂബ്
- Posted on October 15, 2020
- News
- By enmalayalam
- 704 Views
വാഷിംഗ്ടൺ: കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബിന്റെ മുന്നറിയിപ്പ്.

വാക്‌സിൻ ജനങ്ങളെ കൊല്ലും, കൊറോണ വാക്‌സിൻ വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെയ്പ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കാം എന്നിങ്ങനെയുള്ള വ്യാജപ്രാചാരണങ്ങൾ നടക്കുന്നുണ്ട്. ഈ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ വീഡിയോകളും യൂട്യൂബ് നീക്കം ചെയ്യും.
കൊറോണയ്‌ക്കെതിരെ അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ, ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കൽ, ഏകാന്ത വാസം എന്നിവ സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശങ്ങൾക്ക് വിരുദ്ധമായുള്ള വീഡിയോകളും നീക്കം ചെയ്യാനാണ് യൂട്യൂബിന്റെ തീരുമാനം.