തിരുവനന്തപുരം ഗാഡി പാർക്ക് ഒരുങ്ങുന്നു കൂടുതൽ ചാരുതയിൽ.

ചരിത്രപരമായ പ്രക്ഷോഭങ്ങൾക്കും ആയിരക്കണക്കിന് സാംസ്കാരിക പരിപാടികൾക്കും സാക്ഷ്യം വഹിച്ച കിഴക്കേകോട്ടയിലെ ഗാന്ധി പാർക്ക് ഇനി പുതിയ രൂപത്തിലും ഭാവത്തിലും. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നവീകരിച്ചത്. നവീകരണത്തോടെ, പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെ ഈ ഹരിതകേന്ദ്രം.


നഗരത്തിരക്കുകൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ പാർക്ക്. പത്മനാഭസ്വാമി ക്ഷേത്രത്തിലും ചാല കമ്പോളത്തിലും എത്തുന്നവർക്ക് വിശ്രമിക്കാനുള്ള പ്രധാന ഇടം കൂടിയാണിത്. സ്വാതന്ത്ര്യ സമരങ്ങളുടെ വേദിയായിരുന്നതിന്റെ ഓർമ്മയ്ക്കാണ് പാർക്കിന് മഹാത്മാഗാന്ധിയുടെ പേര് നൽകിയത്.


നവീകരണത്തിന്റെ ഭാഗമായി പാർക്കിന്റെ ചുറ്റുമതിലിൽ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെയും സമരങ്ങളിലെയും പ്രധാന മുഹൂർത്തങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന വാചകത്തിനൊപ്പം ഗാന്ധിജിയുടെ ചിത്രമുള്ള മനോഹരമായ ഗ്ലാസ് ലൈറ്റ് പാനലും സ്ഥാപിച്ചിട്ടുണ്ട്. പാർക്ക് മുഴുവൻ ആകർഷകമായ വൈദ്യുത വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.


പരിപാടികൾ അവതരിപ്പിക്കാൻ നവീകരിച്ച ഓപ്പൺ സ്റ്റേജ്, കുട്ടികൾക്കായി പ്രത്യേക കളിയിടം, ആരോഗ്യ സംരക്ഷണത്തിനായി ഒരു മിനി ജിം, പ്രഭാത സവാരിക്കാർക്കായി നടപ്പാത, വിശ്രമിക്കാൻ ധാരാളം ഇരിപ്പിടങ്ങൾ എന്നിവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 150 ഓളം കാറുകളും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.


നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നവീകരണം ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പാർക്കിലെ സായാഹ്നങ്ങൾ ആസ്വദിക്കാനും വിശ്രമിക്കാനുമായി ദിവസവും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like