സംസ്ഥാനത്തെ കായിക അധ്യാപകരുടെ സംരക്ഷണത്തിന് സുപ്രധാന തീരുമാനം കൈക്കൊണ്ട് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം
- Posted on July 27, 2025
- News
- By Goutham prakash
- 87 Views
സ്പോർട്ട്സ് ലേഖിക
സംസ്ഥാനത്തെ സ്കൂളുകളിലെ കായിക അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് സുപ്രധാന തീരുമാനങ്ങളെടുത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം. യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു.
പ്രധാന തീരുമാനങ്ങൾ:
*അധ്യാപക-വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കുന്നു: 2017 സെപ്റ്റംബർ 7-ലെസർക്കാർ ഉത്തരവ് പ്രകാരം 2017-18 അധ്യയന വർഷം സംരക്ഷണത്തിന് അർഹതയുണ്ടായിരുന്നതും എന്നാൽ KER-ലെ വ്യവസ്ഥകൾ പ്രകാരം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവരുമായ കായിക അധ്യാപകരെ സംരക്ഷിക്കുന്നതിനായി, ഇനിപറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ലാസുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:300 ആയി പുനഃക്രമീകരിക്കുന്നതാണ്.
* യു.പി. വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണം: യു.പി. വിഭാഗത്തിൽ 1:300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന കായിക അധ്യാപകരെ പ്രസ്തുത സ്കൂളിലെ എൽ.പി. വിഭാഗം കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും.
* ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണം: ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണത്തിന് പത്താം ക്ലാസിലെ പിരീഡുകളുടെ എണ്ണവും കൂടി പരിഗണിക്കുന്നതാണ്.
* യു.പി. വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിലെ സംരക്ഷണം: യു.പി. വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിൽ, ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകനെ പ്രസ്തുത സ്കൂളിലെ യു.പി. വിഭാഗത്തിൽ കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും.
* അനുപാതം കുറച്ച് സംരക്ഷണം നൽകിയിട്ടുള്ള കായിക അധ്യാപകരെ അവരുടെ കാറ്റഗറിയിൽ തൊട്ടടുത്ത് വരുന്ന ഒഴിവുകളിൽ തന്നെ ക്രമീകരിക്കും.
ഈ തീരുമാനങ്ങൾ കായിക അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
