കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി മുതൽ ആകർഷകമായ പാക്കിങ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങുമായി ധാരണാപത്രം ഒപ്പു വച്ച് കൃഷി വകുപ്പ്

  • Posted on February 27, 2023
  • News
  • By Fazna
  • 236 Views

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്-മായി ധാരണാ പത്രം ഒപ്പിടുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ചിട്ടുള്ള വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ചാണ് ധാരണാ പത്രം ഒപ്പു വക്കുന്നത്. 

പാക്കേജിംഗ് ആന്‍റ് ബ്രാന്‍റിംഗ്: ഏതൊരു ഉല്പന്നവും വിപണനം നടത്തുന്നതിന് തീ‍ർത്തും ഒഴിച്ചുകൂടാന്‍ പറ്റാത്തവിധം പാക്കേജിംഗും ബ്രാന്‍ഡിംഗും ലോകമെങ്ങും അതിവേഗം വളരുകയും, പുതിയ ടെക്നോളജികള്‍ ഉരുത്തിരിയികയും ചെയ്യുന്ന   കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ പാക്കേജിംഗ് ഇന്‍ഡസ്ട്രിയുടെ വളർച്ചാനിരക്ക് 15%ന് മുകളിലാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് പൊതുവെ ഷെല്‍ഫ് ലൈഫ് കുറവാണെന്നത് വിപണനത്തെയും ഗുണമേന്മയെയും കർഷകന് ലഭിക്കുന്ന ലാഭത്തെയും  സാരമായി ബാധിക്കുന്ന കാര്യമാണ്. ഉല്പന്നങ്ങള്‍ പാഴായി പോകുന്നത് തടയുന്നതിനോടൊപ്പം കൂടുതല്‍ കാലയളവിലേക്ക് അത് ലഭ്യമാക്കുന്നതിനും, ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും, ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും, ഉല്പാദന സംസ്കരണ വിപണന മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധനവ് സഹായകമാകും. കേരളത്തിന്റെ        പ്രത്യേക സാഹചര്യത്തില്‍ കൃഷി ലാഭകരമായ സംരഭം ആക്കുന്നതിന് മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഊന്നല്‍ നല്കേണ്ടതുണ്ട്. കർഷകരുടെ കൂട്ടായ്മയോടെ കാർഷിക ഉല്പാദനവും വിപണനവും സമന്വയിപ്പിച്ച് കാർഷികോല്പാദനം കൂടുതൽ ലാഭകരമാക്കാം.

         ഉല്പന്നത്തിന്‍റെ ഗുണനിലവാരവും ആവശ്യകതയും നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഘടകങ്ങയ പാക്കേജിംഗും ബ്രാന്‍ഡിംഗും ഉല്പാദകനെയും ഉപഭോക്താവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളാണ്. ഉപഭോക്താക്കളില്‍ മൂല്ല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ച് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതില്‍ പാക്കേജിംഗിനും ബ്രാന്‍ഡിംഗിനും വലിയ പങ്കുണ്ട്.

         ഒരു ഉല്പന്നത്തെ ഉള്‍ക്കൊള്ളുവാനും അവ കേടാകാതെ സംരക്ഷിക്കുന്നതിനും വേണ്ടവിധം ഉപയോഗിക്കാനും ഉപഭോക്താവിന്‍റെ മുന്നിലേക്ക് ആകർഷകമായി അവതരിപ്പിച്ച് വില്പന വർദ്ധിപ്പിക്കാനും പാക്കേജിംഗ് സഹായിക്കുന്നു. ഉല്പന്നങ്ങളുടെ വിപണിക്ക്  അനുയോജ്യമായ പാക്കോജിംഗും കൃത്യവും വ്യക്തവുമായ ബ്രാന്‍ഡിംഗും കൂട്ടിയിണക്കി വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തി മൂല്ല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ വിപണനസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും അങ്ങനെ കാര്‍ഷിക വൃദ്ധി സുസ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗമായി തീരാനും ഇടയാകും. 

          ഈ ഉദ്ദേശത്തോടെയാണ് പാക്കേജിംഗിലെ നൂതനരീതികളെപ്പറ്റി സംസാരിക്കുന്നതിന് ഇന്ത്യയിലെ പാക്കേജിംഗ് മേഖലയിലെ പയനിയേഴ്സ് ആയിട്ടുള്ള Mumbai,  Indian Institute of Packaging (IIP), ലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വൈഗ 23 യിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വൈഗ 23 യുടെ ഭാഗമായി, കേരള സര്‍ക്കാര്‍ മുംബൈ IIP യുമായി ഒരു ധാരണാ പത്രം ഒപ്പുവെക്കുന്നു. ഇതുവഴി പാക്കേജിംഗ് മേഖലയിലെ നൂതനരീതികള്‍ പഠിക്കാനും ടെക്നോളജി കൈമാറ്റത്തിനും ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താന്‍ സഹായിക്കുന്ന അധുനിക രീതികള്‍ കേരളത്തിലെ കൃഷി അനുബന്ധ മേഖലയിലെ  സംരഭകർക്കും കൃഷിക്കൂട്ടങ്ങള്‍ക്കും  എഫ് പി ഒ-കള്‍ക്കും ലഭ്യമാകാനും ഇടയാകുന്നു. കേരളത്തിലെ കാർഷികമേഖലയിലെ നാഴികക്കല്ലായിരിക്കും ഈ ധാരണാപത്രം  എന്നതില്‍ സംശയമില്ല.

       ധാരണാ പത്രപ്രകാരം താഴെപ്പറയുന്ന മേഖലകളിലാണ് കരാറിൽ ഏർപ്പെടുന്നത്. ഇവയില്‍ തന്നെ കേരളത്തിലെ കര്‍ഷകരുടെ ആവശ്യാനുസരണം വേണ്ടവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സാങ്കേതിക സഹായങ്ങൾ  

ഉത്പന്നങ്ങളുടെ പാക്കിങ്ങും ഡിസൈനിങ്ങും 

വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പന്നങ്ങൾ തയ്യാറാക്കൽ 

ഉല്പ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് നിർണ്ണയവും പരിശോധനകളും 

ശില്പശാലകളും പരിശീലനവും 

കയറ്റുമതിക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 

മോണിറ്ററിങ്ങും തുടർ പ്രവർത്തനങ്ങളും 

പാക്കേജിങ്ങിനും സേവനങ്ങൾക്കുമുള്ള സഹായങ്ങൾ 

ലോജിസ്റ്റിക് മാനേജ്മെൻറ്

പരിശീലകർക്കുള്ള പരിശീലനങ്ങളും സെമിനാറുകളും പ്രദർശനങ്ങളും

ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടർ ആർ കെ മിശ്ര ഐആർഎസ്-ഉം, കേരള സർക്കാരിന് വേണ്ടി സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യനും ധാരണ പത്രത്തിൽ ഒപ്പിടുന്നു. ധാരണ പ്രകാരം ഒപ്പു വയ്ക്കുന്ന പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും പരിശീലനങ്ങളും  സമേതി മുഖേനയായിരിക്കും.

കൃഷിവകുപ്പിന്റെ ഉൽപ്പന്നങ്ങൾ 'കേരൾ അഗ്രോ' ബ്രാൻഡിൽ ഓൺലൈൻ വിപണിയിൽ: "കേരൾ അഗ്രോ" എന്ന ബ്രാൻഡ് നാമത്തിൽ കൃഷിവകുപ്പിന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്ലാറ്റ്.ഫോമുകൾ വഴി ഭാരതം മുഴുവൻ ലഭിക്കത്തക്ക രീതിയിൽ ഉൽപ്പന്നങ്ങൾ വിപണനം നടത്തും. ഈ പദ്ധതിയിൽ ആദ്യം സർക്കാർ ഫാമുകൾ മാത്രമാണ് ആവിഷ്കരിച്ചിരുന്നത്. തുടർന്ന് എസ് ബി സി എൽ മണ്ണുത്തി, സ്റ്റേറ്റ് ബയോ കണ്ട്രോൾ ലാബ് തിരുവനന്തപുരം, ഹോർട്ടികോർപ് - മൂന്നാറിലേയും മാവേലിക്കരയിലെയും യൂണിറ്റുകൾ, എസ് എഫ് എസിയുടെ കീഴിലുള്ള FPCs/FPOs, കൃഷിഭവനകളുടെ കീഴിലുള്ള സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്..  ഇതുവരെ കൃഷിവകുപ്പ് ഫാമുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 64 ഉൽപ്പന്നങ്ങൾ ഇതുവരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. 24 സർക്കാർ ഫാമുകൾ വിവിധതരം ഉൽപ്പന്നങ്ങൾ, പച്ചക്കറി, വിത്ത്, പഴവർഗ്ഗ ലേയർ/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകൾ, ഔഷധ സസ്യങ്ങൾ, ജൈവവളങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.കൃഷി വകുപ്പ് തയ്യാറാക്കിയ 31 കാർഷിക സംരംഭങ്ങളുടെ ഡി പി ആറുകൾ അംഗീകരിച്ച് വായ്പ നല്കാൻ തയ്യാറായി കനറാ ബാങ്ക്

കാർഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകർഷണമാണ് ഡി.പി.ആർ. ക്ലിനിക്ക്. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഫെബ്രുവരി 15 മുതൽ 17 വരെയുള്ള തീയതികളിൽ മൂന്ന് ദിവസമായിട്ടാണ് നടത്തപ്പെട്ടത്. ഒരു സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അഥവാ ഡി.പി.ആർ. ഇതിൽ ആ സംരംഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നു. ഘടകങ്ങൾ എന്നാൽ സംരംഭത്തിന് ആവശ്യമായ ഭൗതിക സാഹചര്യം അസംസ്കൃത വസ്തുക്കളുടെ ലഭ്യത, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ, സാമ്പത്തിക സ്രോതസ്സ്, സാമ്പത്തിക വിശകലനം, ആ പ്രൊഡക്ഷൻ യൂണിറ്റിന്റെ കപ്പാസിറ്റി, തുടങ്ങി ആ സംരംഭത്തിന്റെ എല്ലാ മേഖലയും കോർത്തിണക്കിയാണ് ഒരു ഡി.പി.ആർ രൂപകൽപന ചെയ്യുന്നത്.

ഓൺലൈനായി രജിസ്റ്റർ ചെയ്ത 118 അപേക്ഷകളിൽ നിന്ന് ഇന്റർവ്യൂ നടത്തി 71 സാധ്യതാ സംരംഭങ്ങൾ തിരഞ്ഞെടുക്കുകയും. ഇതിൽ നിന്ന് 50 മാതൃകാ സംരംഭങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 50 മാതൃകാ സംരംഭങ്ങളായിരിക്കും ഡി.പി.ആർ ക്ലിനിക്കിൽ ഉൾപെടുത്തുക. വിദഗ്ദ്ധരുടെ ഒരു പാനലിനു മുന്നിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നയാൾ തന്റെ സ്വപ്നങ്ങളും അതിനു വേണ്ടി താൻ ചെയ്തിട്ടുള്ള തയ്യാറെടുപ്പുകളും അവതരിപ്പിക്കുന്നു. പാനലിൽ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദ്ധർ, സാങ്കേതികവിദഗ്ദ്ധർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ട് പദ്ധതിയിലെ ഉദ്യോഗസ്ഥർ, സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ, നബാർഡിന്റെ സബ്സിഡിയറി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ആയ നാബ്കോൺ തുടങ്ങിയവർ ഉൾപ്പെടുന്നു. സംരംഭകന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായിക്കുന്നതും ബാങ്കുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതുമായ കുറ്റമറ്റ ഒരു ഡി പി ആർ ആണ് സംരംഭകന് ഡി പി ആർ ക്ലിനിക്കിന്റെ ഇടപെടലോടെ ലഭിക്കുന്നത്. കൂടാതെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ക്ലിനിക്കിന്റെ ഭാഗമായി ഒരു കുടക്കീഴിൽ സമന്വയിക്കുന്നതിനാൽ സംരംഭകന്റെ പ്രോജക്ട് ഇതര വകുപ്പുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിന്റെ സംയോജന സാധ്യതകളും ക്ലിനിക്കിൽ പരിഗണിക്കുന്നു. 

ഡി.പി.ആർ ക്ലിനിക്കിന്റെ ഭാഗമായി 50 സംരംഭകരുടെ സംരംഭങ്ങൾക്കാണ്  ഡി.പി.ആറുകൾ തയ്യാറാക്കി നൽകുന്നത്. സംരംഭകരിൽ നിന്ന് ശേഖരിക്കുന്ന ആശയങ്ങളെ വിദഗ്ദ്ധ സമിതി വിശകലനം ചെയ്ത് ഡി പി ആർ തയ്യാറാക്കുന്നതിനോടൊപ്പം സർക്കാർ പദ്ധതികളെ സമന്വയിപ്പിക്കുന്നതിനും അത് പ്രകാരമുള്ള പരമാവധി ആനുകൂല്യങ്ങൾ സംരംഭങ്ങൾക്ക് ലഭിക്കാനും ഡി.പി.ആർ ക്ലിനിക്കിലൂടെ സാധിക്കും. മാർച്ച് ഒന്നാം തീയതി ഡി.പി.ആറുകൾക്ക് അന്തിമ രൂപം നൽകുകയും തുടർന്ന് സംരംഭകർക്ക് ഡി.പി.ആറുകൾ കൈമാറുകയും ചെയ്യും. 20 കോടിയിലധികം രൂപയുടെ വിശദമായ പദ്ധതി രേഖകളാണ് തയ്യാറാകുന്നത്. ഇതുവരെ 31 ഡി പി ആറുകൾക്ക് സഹായം നൽകുന്നതിന് ലീഡ് ബാങ്ക് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.

അഗ്രി ഹാക്കത്തോൺ - പവർ ജഡ്ജ്മെന്റിൽ 17 ടീമുകൾ: വൈഗ 2023 - നോടുനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ വച്ച് രണ്ട് ദിവസമായി നടന്ന് വരുന്ന “വൈഗ - അഗ്രി ഹാക്കത്തോൺ” ഇന്ന് സമാപിക്കുന്നു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഹാക്കത്തോണിന്റെ പ്രധാന ലക്‌ഷ്യം. കൃഷി വകുപ്പ് തിരഞ്ഞെടുത്തു നൽകിയ പതിനഞ്ചു പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച 101 ടീമുകളിൽ നിന്നും പ്രാഥമിക വിലയിരുത്തലിലൂടെ തെരഞ്ഞെടുത്ത 30 ടീമുകളാണ് ഗ്രാൻഡ്ഫിനാലയിൽ പങ്കെടുത്തത്.  ഇതിൽ നിന്നും തെരഞ്ഞെടുത്ത 17 ടീമുകൾ ഇന്ന് നടന്ന പവർ ജഡ്ജ്മെന്റിൽ പങ്കെടുത്ത് തങ്ങളുടെ പ്രശ്നപരിഹാരം മാർഗങ്ങൾ ഓപ്പൺ ഫോറത്തിന് മുൻപായി അവതരിപ്പിക്കുകയുണ്ടായി. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വൈവിധ്യമാർന്ന നൂതന ആശയങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്.  ഈ വേദിയിൽ ജഡ്ജിങ്ങ് പാനലിനു പുറമേ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലാ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോളേജ്, സ്റ്റാർട്ട് അപ്പ്, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിൽ വിജയികളാകുന്ന മികച്ച മൂന്ന് ടീമുകൾക്ക് വൈഗയുടെ സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകും. വിജയികളായ ടീമുകളുടെ പരിഹാര മാർഗ്ഗങ്ങൾ പ്രാവർത്തികമാക്കുന്നതിനും കാർഷിക മേഖലക്ക് ഉപയോഗപ്രദമാക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങളും കൃഷി വകുപ്പ് നടത്തും.   

കേരളം കണ്ട ഏറ്റവും വലിയ കാർഷിക പ്രദർശനം ഇനി രണ്ട് നാളുകൾ കൂടി സർക്കാർ - അർദ്ധ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം കാർഷിക മേഖലയിലെ മൂല്യവർദ്ധിത  ഉൽപ്പന്നങ്ങൾ എന്ന ആശയത്തിലുള്ള 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആൻഡ് കാശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ആസാം എന്നിവയുടെ സ്റ്റാളുകളും ജനപ്രിയമായവയാണ്. വിവിധ സംസ്ഥാനങ്ങൾ അവരുടെ ഭൗമസൂചിക ഉൽപ്പന്നങ്ങൾ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വർണ്ണാഭമാക്കുവാൻ എത്തിയിരിക്കുന്നത്.

കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25ന്   ആരംഭിച്ച കാർഷിക പ്രദർശനം മാർച്ച് 2 ന് അവസാനിക്കും. കൃഷി വകുപ്പിന്റെ മൂല്യ വർധിത ഉത്പന്നങ്ങളെ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ബ്രാൻഡായ ‘കേരൾ അഗ്രോ’യിൽ ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങൾ പരിചയപ്പെടുവാൻ അവസരം ആദ്യസ്റ്റാളിൽ തന്നെയുണ്ട്.

അതിരപ്പിള്ളി ട്രൈബൽ വാലി പ്രോജക്റ്റിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസികളുടെ ബ്രാൻഡഡ് ഉത്പന്നങ്ങളുമായുള്ള സ്റ്റാൾ ഏറെ ആകർഷണീയമാണ്. പൂർണ്ണമായും വനത്തിൽ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, ശുദ്ധമായ കോഫി പൗഡർ, മഞ്ഞകൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി (വനത്തിൽ നിന്നും ലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, ഇഞ്ചി, മുളയരി എന്നിവ പരിചയപ്പെടുവാനും വാങ്ങുവാനും കഴിയും. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയ ആലുവ സ്റ്റേറ്റ് സീഡ് ഫാമിന്റെ സ്റ്റാളിൽ നിന്നും വിവിധയിനം ജൈവ കാർഷിക ഉത്പാദനോപാധികൾ ലഭിക്കും. ഗുണപജല, വെർമിവാഷ്, അമിനോ ഫിഷ്, മൈക്കോറൈസ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ തവിടോടുകൂടിയ പുട്ടുപൊടി, സംശുദ്ധമായ ജൈവ അരി, വെട്ടുമാങ്ങ അച്ചാർ, റാഗി പൊടി, മഞ്ഞൾപൊടി തുടങ്ങിയവ ലഭിക്കും. ഇതോടൊപ്പം കൃഷിവകുപ്പിൻറെ വിവിധ ഫാമുകളിലെ കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളായ സ്ക്വാഷ്, ജാം, ജെല്ലി എന്നിവയും ലഭ്യമാണ്

അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തോടനുബന്ധിച്ച് മില്ലറ്റ് എക്സ്പോയിലൂടെയാണ് കേരള കാർഷിക സർവ്വകലാശാല   സന്ദർശകരെ വരവേൽക്കുന്നത്. ചാമ, കുതിരവാലി, ജോബ് ടിയേഴ്സ്, തിന, വരക്, കൂവരവ്, തുടങ്ങിയ ചെറു ധാന്യങ്ങളെയും അവയുടെ ചെടികളെയും പരിചയപ്പെടാൻ കഴിയും. ഇവയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളും പ്രദർശനത്തിനായിട്ടുണ്ട്. വിവിധയിനം പൂക്കൾ, വാഴകൾ, ഇഞ്ചി, മഞ്ഞൾ, എന്നിവയും അവയുടെ ഉല്പന്നങ്ങളും ഉൾക്കൊള്ളുന്നവയാണ്  സർവ്വകലാശാല സ്റ്റാളുകൾ.

 കേരളത്തിനു പുറമേ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവവൈവിധ്യ പ്രദർശനവുമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ള പ്രദർശന സ്റ്റാളുകൾ ഏറെ കൗതുകം ഉണർത്തുന്നവയാണ്.

ജമ്മു കാശ്മീർ

ഭൗമസൂചിക പദവി ലഭിച്ച കുങ്കുമപ്പൂവ് കൂടാതെ സുഗന്ധ അരി, ഡീ  ഹൈഡ്രേറ്റ് ചെയ്ത പച്ചക്കറികൾ ശീതകാല ഫലവർഗ്ഗവും കാശ്മീരിന്റെ സ്പെഷ്യൽ ഇനങ്ങളുമായ ആപ്പിളുകൾ, ആൽമണ്ട്, മറ്റു ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ വൈവിധ്യമാർന്ന പ്രദർശനവുമായി സജ്ജമാക്കിയിരിക്കുകയാണ് ജമ്മു & കാശ്മീർ സ്റ്റാളിൽ. 

ഉത്തരാഖണ്ഡ്

 ജൈവ ഉത്പന്നങ്ങളായ പയർ വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ എന്നിവയും കറി മസാല പൊടി സ്പെഷ്യലുകളുമാണ് ഉത്തരാഖണ്ഡിന്റെ സ്റ്റാളിൽ ശ്രദ്ധ ആകർഷിക്കുന്നത്.

ആന്ധ്ര പ്രദേശ്

ആന്ധ്രപ്രദേശ് സർക്കാരിന്റെ MARKUP ബ്രാൻഡ് ഉൽപ്പന്നങ്ങൾ, ഡി ഹൈഡ്രേറ്റ് പച്ചക്കറികൾ എന്നിവയുമായി ആന്ധ്രപ്രദേശ് സ്റ്റാൾ പ്രദർശനത്തിനുണ്ട്. കർഷക സൗഹൃദ കേന്ദ്രത്തിന്റെ മാതൃകയും ഇതോടൊപ്പം സംസ്ഥാനം ഒരുക്കിയിട്ടുണ്ട്.

ആസാം

കാർഷികോൽപാദക സംഘടനകളുടെ വിവിധ ഉത്പാദനങ്ങളുമായാണ് വടക്കു കിഴക്കൻ സംസ്ഥാനമായ ആസാം എത്തിയിട്ടുള്ളത്.

തമിഴ്നാട്

നാളികേരം, എള്ള് എന്നിവയിൽ നിന്നും ജൈവരീതിയിൽ ഉത്പാദിപ്പിച്ച മൂല്യ വർധിത ഉൽപ്പന്നങ്ങളാണ് ഈ സ്റ്റാളിൽ. അരി, ചെറുധാ ധാന്യങ്ങൾ എന്നിവയുടെ വിവിധ ഉത്പന്നങ്ങളും തമിഴ്നാടിന്റെ പവലിയനിൽ ഉണ്ട്.

കർണാടക

ചെറു ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയുടെ വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ, കുട്ടികൾക്ക് ആകർഷകമായ ചെറുപാക്കുകളിലുള്ള കുക്കീസ്, നാളികേര അധിഷ്ഠിതമൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് കർണാടക പവലിയൻ.

സിക്കിം

പൂർണ്ണ ജൈവ സംസ്ഥാനമായ സിക്കിം തങ്ങളുടെ പ്രാദേശിക വിഭവങ്ങളായ ഇഞ്ചി, മഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാൽ വർണ്ണാഭമാക്കുകയാണ് പവലിയൻ.

ഇതുകൂടാതെ വിവിധ ജില്ലകൾ അവിടത്തെ പ്രാദേശിക വിഭവങ്ങളുമായി വൈഗ വേദി വർണ്ണാഭമാക്കുന്നു. കൃഷിവകുപ്പിന്റെ കീഴിലുള്ള പൊതുമേഘലാ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, ബയോ ടെക്നോളജി ആൻഡ് മോഡൽ ഫ്ലോറി കൾച്ചർ സെന്റർ എന്നിവരും വിവിധ ഉൽപ്പന്നങ്ങളുമായി വൈഗ വേദിയിലുണ്ട്. കേന്ദ്ര സ്ഥാപനങ്ങളായ CPCRI, CTCRI, CDB, NHB, TBGRI, NIIST എന്നിവരും ധനകാര്യ സ്ഥാപനങ്ങളായ നബാർഡ് ബാങ്ക് ഓഫ് ബറോഡ എന്നിവയും തലസ്ഥാനനഗരിയിലെ വിസ്മയ കാഴ്ചകളുടെ പൊലിമ കൂട്ടുന്നു.

കാർഷിക മൂല്യ വർദ്ധിത മേഖലയിലേക്ക് ആകർഷകരായി വരുന്ന സംരംഭകർക്ക് നിർദ്ദേശങ്ങൾ നൽകുവാനും വഴികാട്ടിയാകുവാനും വൈഗയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കാർഷിക മേഖലയിലെ സാധ്യതകൾ അറിയിച്ചുകൊണ്ട് നബാർഡിന്റെയും കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെയും  എസ്. എഫ്. എ. സി. യുടെയും സ്റ്റാളുകൾ ഇവിടെയുണ്ട്. വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കി നൽകുന്നതിൽ കാർഷിക ബിസിനസ് ഇൻകുബേറ്ററും തയ്യാർ. കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ സൗജന്യമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. പച്ചക്കറി വിത്തുകൾ തൈകൾ ഉൽപാദനോപാധികൾ, ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയുടെ വില്പനശാലകൾ നിരവധിയുണ്ട്. കോട്ടൂർക്കോണം, മൂവാണ്ടൻ, ആൾ സീഡൺ തുടങ്ങിയ വിവിധയിനം മാവിനങ്ങൾ മുട്ടൻ വരിക്ക, തേൻവരിക്ക, വിയറ്റ്നാം ഏർലി തുടങ്ങിയ പ്ലാവിനങ്ങൾ, അലങ്കാര സസ്യങ്ങൾ, പഴവർഗ്ഗവിളകളുടെ തൈകൾ തുടങ്ങിയവ നഴ്സറികളിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.

 കർഷകർക്കും പൊതുജനങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മേഖലയിലേക്ക് ക്ഷണിക്കുകയാണ് വൈഗയിലെ സ്റ്റാളുകൾ. രാവിലെ 11 മുതൽ രാത്രി 10 മണിവരെയാണ് കാർഷിക പ്രദർശനം നടക്കുന്നത്. രാത്രി 9 മണി വരെ പ്രവേശന പാസ് പ്രദർശന നഗരിയിൽ നിന്ന് ലഭിക്കും.കേരളത്തിന്റെ കാർഷികോല്പന്നങ്ങൾ കർഷകർക്ക് നേരിട്ട് വിപണിയിലേക്കെത്തിക്കാൻ 'ദിശ' ബി2ബി മീറ്റ്

കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ ബിസിനസ് 2 ബിസിനസ് (ബി2ബി) മീറ്റ് ‘ദിശ’ ഫെബ്രുവരി 28ന്   സംഘടിപ്പിക്കും. കാർഷികോല്പാദകർക്കും വ്യാവസായ സംരംഭകർക്കും ഒത്തുചേരാനുള്ള ഒരു വേദിയായാണ് ബി2ബി മീറ്റ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ കാർഷിക സംരംഭകരുടെയും കാർഷികോൽപാദന സംഘങ്ങളുടെയും തദ്ദേശീയ-വിദേശീയ ഉൽപന്നങ്ങൾ ഭൗമസൂചിക പദവി ലഭിച്ച കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ചതും മൂല്യ വർദ്ധിതവുമായ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ പ്രദർശനം, മുഖാമുഖം സംവദിക്കൽ, ഉൽപാദകരം വ്യാപാരികളും തമ്മിൽ ഗുണപരമായ ബന്ധം സ്ഥാപിക്കൽ എന്നിവ മീറ്റ് വഴി ലക്ഷ്യമിടുന്നു. വൈഗ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 133 ഉത്പാദകരും 84 കാർഷിക സംഭരണ സംരംഭകരുമാണ് മീറ്റിൽ പങ്കെടുക്കുന്നത്. കർഷകർ, കർഷക കൂട്ടായ്മകൾ, എം എസ് എം ഇ യൂണിറ്റുകൾ, കാർഷികോല്പാദന സംഘടനകൾ തുടങ്ങിയവർ കേരളത്തിനകത്തും പുറത്തുമുള്ള സംഭരണ ഏജൻസികളുമായി വ്യാപാരകരാരിൽ ഏർപ്പെടും.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like