നിപ്പ വൈറസ് രോഗം - പ്രതിരോധ പ്രവർത്തനങ്ങൾ
- Posted on July 07, 2025
- News
- By Goutham prakash
- 100 Views
സി.ഡി. സുനീഷ്
*പാലക്കാട് : ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ സാധ്യത ലിസ്റ്റിൽ ഉള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2185 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി വിവരശേഖരണം ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾ
തച്ചനാട്ടുകര പഞ്ചായത്ത്
1. വാർഡ് – 7 (കുണ്ടൂർക്കുന്ന്)
2. വാർഡ് - 8 (പാലോട് )
3. വാർഡ് - 9 (പാറമ്മൽ)
4. വാർഡ് – 11 (ചാമപറമ്പ്)
കരിമ്പുഴ പഞ്ചായത്ത്
1. വാർഡ് – 17 (ആറ്റശ്ശേരി )
2. വാർഡ് - 18 ( ചോളക്കുറിശ്ശി )
കണ്ടെയിൻമെൻ്റ് സോണുകളിൽ മാറ്റമില്ല.
ജില്ലയിൽ നിപ്പ സ്ഥീരീകരിച്ച സാഹചര്യത്തിൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കണ്ടെയ്മെൻ്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്. N95 മാസ്ക്ക് നിർബന്ധമായും ധരിക്കേണ്ടതാണ്.
കണ്ടെയിൻമെൻ്റ് സോണിൽ നിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം.
ഐസൊലേഷൻ / ക്വാറന്റൈൻ - ൽ കഴിയുന്നവർ നിർബന്ധമായും N95 മാസ്ക് ധരിക്കേണ്ടതാണ്. കൃത്യമായും ക്വാറൻ്റൈൻ മാനദണ്ഡങ്ങൾ പാലിക്കണം. ശുചിമുറിയുള്ള റൂമിൽ തന്നെ ക്വാറൻ്റൈനിൽ ഇരിക്കുക. ആരുമായും സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്ക് എപ്പോഴും ധരിക്കേണ്ടതാണ്.
കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്.
പനി, ചുമ, തലവേദന, ശ്വാസ തടസ്സം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തിരം അറിയിക്കുകയോ കൺട്രോൾ റൂം നമ്പറിലേക്ക് 0491 - 2504002 വിളിക്കുകയോ ചെയ്യണം.
ജാഗ്രതയാണ് പ്രതിരോധം
