സമ്പൂർണ്ണ സൂര്യഗ്രഹണം കാത്ത് ലോകം
- Posted on August 06, 2026
- News
- By Goutham prakash
- 16 Views
ഓഗസ്റ്റിലെ സമ്പൂർണ്ണ സൂര്യഗ്രഹണത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വാനനിരീക്ഷകർ. എന്നാൽ ഇനി അധികനാളുകളില്ല, വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ ആകാശത്തിലെ ആ വിസ്മയകാഴ്ചയ്ക്ക്. ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് സമ്പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യയിൽ ഇത് ഓഗസ്റ്റ് 13നായിരിക്കും. 4 മണിക്കൂർ, 23 മിനിറ്റ്, 42 സെക്കൻഡാണ് ഇത്തവണ ഗ്രഹണം നീണ്ടു നിൽക്കുക.
ഇന്ത്യയിൽ ദൃശ്യമാകുമോ?
നാസയുടെ പറയുന്നത് പ്രകാരം ഓഗസ്റ്റ് 12 നാണ് സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കുന്നത്. എന്നാൽ ഇന്ത്യൻ സമയക്രമമനുസരിച്ച് ഗ്രഹണം ആരംഭിക്കുന്നത് ഓഗസ്റ്റ് 12 രാത്രി വൈകിയും, അവസാനിക്കുന്നത് ഓഗസ്‌റ്റ് 13 പുലർച്ചെയുമാണ്. ഇന്ത്യൻ സമയം ഓഗസ്റ്റ് 12 രാത്രി 9:04:15-ന് ഭാഗിക ഗ്രഹണം ആരംഭിക്കും. രാത്രി 10:28:09-ന് സമ്പൂർണ്ണ ഗ്രഹണവും തുടങ്ങും. രാത്രി 11:16-ഓടെ ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. ഓഗസ്റ്റ‌് 13 പുലർച്ചെ 12:04:07-ന് സമ്പൂർണ്ണ ഗ്രഹണം അവസാനിക്കും. പുലർച്ചെ 1:27:57-ന് ഭാഗിക ഗ്രഹണവും അവസാനിക്കും. അതായത്... ഓഗസ്‌റ്റ് 12-ന് ഇന്ത്യൻ സമയം രാത്രി 9:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 1:28 വരെ. അർദ്ധരാത്രി ആയതുകൊണ്ടു തന്നെ ഓഗസ്റ്റ് 12-ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയിൽ ഒരിടത്തും ദൃശ്യമാകില്ല.
എവിടെയെല്ലാം കാണാം?
വടക്കേ റഷ്യ, ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, നോർത്ത് അറ്റ്ലാന്റിക്, സ്പെയിൻ, പോർച്ചുഗലിന്റെ ചെറിയൊരു ഭാഗം എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണ പാത കടന്നുപോകുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, കാനഡ, യുഎസിന്റെ വടക്കേ ഭാഗങ്ങൾ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിലുള്ളവർക്ക് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ഓൺലൈൻ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ ഈ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യൻ്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
