'എന്റെ കഥ'യും സ്വർണ്ണ നിറമുള്ള സെക്സും
- Posted on December 26, 2023
- Localnews
- By Dency Dominic
- 257 Views
എന്റെ കയ്യിൽ ഇരുന്ന ആ പുസ്തകം നോക്കി അതൊരു ചീത്ത പുസ്തകം ആണെന്ന് ആരോ പറഞ്ഞത് ഞാൻ ഓർക്കുന്നു
'എന്റെ കഥ' 50 വർഷങ്ങൾ തികയ്ക്കുകയാണ്. 'എന്റെ കഥ' ആദ്യമായി വായിക്കാൻ എടുക്കുമ്പോൾ അതിലെന്താണ് എഴുതിയിരിക്കുന്നത് എന്ന് പോലും തെളിവ് വന്നിട്ടില്ല. ആ പുസ്തകം എടുത്തത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയായിരുന്നു. പുസ്തകം എടുത്തതാകട്ടെ അതിന്റെ പുറംചട്ടയിലെ മാധവിക്കുട്ടിയുടെ ചിത്രം കണ്ടിട്ടായിരുന്നു. എന്റെ കയ്യിൽ ഇരുന്ന ആ പുസ്തകം നോക്കി അതൊരു ചീത്ത പുസ്തകം ആണെന്ന് ആരോ പറഞ്ഞത് ഞാൻ ഓർക്കുന്നു.
മാധവിക്കുട്ടി, ആമി, കമലാ സുരയ്യ ഇങ്ങനെ പല പേരുകളിൽ ഒരേസമയം പല വ്യക്തികളായി ജീവിച്ച ഒരാൾ. സ്ത്രീത്വം അടക്കിയും ഒതുക്കിയും ജീവിച്ചു തീരുന്ന കാലഘട്ടത്തിൽ അവരത് ഭാവനകൾ കൊണ്ടും കുപ്പിവളകൾ കൊണ്ടും ആഘോഷമാക്കി. പുറമേ അവരെ വേശി എന്ന മുദ്രകുത്തിയ സ്ത്രീകളൊക്കെ അവരുടെ ധൈര്യത്തെ ആരാധിച്ചിരിക്കാം, അസൂയയോടെ അവരുടെ എഴുത്തുകൾ രഹസ്യമായി വായിച്ചിരിക്കാം. നല്ല വെള്ള പട്ടുടുത്ത് സംസ്കാരം പറഞ്ഞ്, ഒളിവിലും മറവിലും ഡബിൾ മീനിംഗ് തമാശകൾ പറഞ്ഞു ചിരിക്കുന്നവരെക്കാൾ ധൈര്യവും ആഢ്യത്വവും മാധവിക്കുട്ടിയ്ക്ക് ഉണ്ടായിരുന്നു. മാധവിക്കുട്ടി എഴുതി. പെണ്ണായ പെണ്ണിന്റെയെല്ലാം മനസ്സ് എഴുതി.
എന്തിനിങ്ങനെയുള്ള കഥകൾ എഴുതുന്നു എന്ന ചോദ്യത്തിന് "എനിക്കിങ്ങനെയുള്ള കഥകളേ എഴുതാൻ അറിയൂ" എന്ന് അവർ പറഞ്ഞു. കാപട്യമുള്ള മനസ്സിന് മുകളിൽ, മാന്യതയുടെ വക്രിച്ച ചിരി നട്ട് വളർത്തുന്ന മനുഷ്യന്മാരുടെ നാട്ടിൽ "എനിക്ക് തെറ്റ് ചെയ്യുവാൻ മാത്രമേ കഴിവുള്ളു. ഞാൻ തന്നെ ഒരു ഭയങ്കര തെറ്റാണ്" എന്ന് പറയാനുള്ള ആർജ്ജവം കാട്ടിയവരായിരുന്നു അവർ. പച്ചയായ സെക്സിനെ കുറിച്ച് എഴുതാനുള്ള അവരുടെ ധൈര്യത്തെ പ്രകീർത്തിച്ചവരെയെല്ലാം "സെക്സ് ഈസ് ഗോൾഡ്" എന്നവർ തിരുത്തി. ആൺ ശരീരത്തിന്റെ മനോഹാരിതയെ കുറിച്ച് ഇത്ര വാചാലയായ മറ്റേതൊരു മലയാളി എഴുത്തുകാരി ഉണ്ടാകും. പകുതി യാഥാർത്ഥ്യവും പകുതി ഭാവനയും ഉള്ള അവരുടെ എഴുത്തിലെ നൂലിഴ കീറാൻ ശ്രമിച്ചവരെയെല്ലാം ഓർത്തവർ ചിരിച്ചു കാണണം.
'എന്റെ കഥ'യെക്കുറിച്ച് കെ പി അപ്പൻ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. "പ്രാർത്ഥനയുടെ അടിസ്ഥാന രൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു" എന്ന്. എന്നാൽ 'എന്റെ കഥ'യിൽ സെക്സ് മാത്രമല്ല ഉള്ളത് എന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട്. അതിൽ ഒരു പെൺകുട്ടിയുടെ കൗതുകങ്ങളുണ്ട്, കൗമാരക്കാരിയുടെ ഭാവനകൾ ഉണ്ട്, ഒരു സ്ത്രീയുടെ കലാപവും ഉണ്ട്. മാധവിക്കുട്ടിയെ പലരും പല രീതിയിലാണ് വായിച്ചത്, എഴുത്തുകാരിയായി, സ്ത്രീയായി, കാമുകിയായി, ഭക്തയായി, വേശ്യയായി, ഭ്രാന്തിയായി. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ അവർ എല്ലാവരെയും ചേർത്തു നിർത്തി പറഞ്ഞു "എനിക്ക് എല്ലാവരോടും സ്നേഹമാണ്, കുറച്ചുപേരോട് കൂടുതൽ സ്നേഹമുണ്ട്. അത്രയേ ഉള്ളൂ."