മൂക്കുന്നിമലയില്‍ തീപിടിത്തം, ഏക്കറുകണക്കിന് കാട് കത്തിയമര്‍ന്നു; സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതാവാമെന്ന് ഫയര്‍ഫോഴ്സ്
- Posted on March 14, 2025
- News
- By Goutham prakash
- 196 Views
തിരുവനന്തപുരം : കാടിനോടും സാമൂഹ്യ വിരുദ്ധരുടെ ക്രൂരത.
നേമത്തിനടുത്ത് മൂക്കുന്നിമലയില്‍ തീപിടിത്തം. പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്.മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല. അടഞ്ഞു കിടക്കുന്ന പാറമടയ്ക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്ന് തവണയാണ് കാട് കത്തിയമർന്നത്. ആരെങ്കിലും കത്തിക്കുന്നതാണോയെന്ന് അധികൃതർക്ക് സംശയമുണ്ട്. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കാണുന്നതിനാല്‍ സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്നും ഫയർഫോഴ്സ് പറയുന്നു. കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്നിസേനാ വിഭാഗം മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം എത്താൻ പ്രയാസമേറിയ മലയോരമായതിനാല്‍ മറ്റുവഴികളിലൂടെയാണ് സേന തീ നിയന്ത്രണ വിധേയമാക്കിയത്.
