വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം നല്‍കി
- Posted on March 10, 2023
- News
- By Goutham prakash
- 218 Views
കൽപ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ വീട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഭാര്യ ബിന്ദുവിന് കൈമാറി.
വിശ്വനാഥന്റെ മരണത്തില്‍ കോഴിക്കോട് കമ്മീഷണറുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.സി എസ്.ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പട്ടികജാതി - വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ടി. സീദ്ദീഖ് എം.എല്‍.എ, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് ജോയിന്റ് ഡയര്‍ക്ടര്‍ പി. വാണിദാസ്, ഐ.ടി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസര്‍ സന്തോഷ്‌കുമാര്‍, ടി.ഇ.ഒ ജംഷീദ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകൻ
