കൊച്ചിയിൽ അങ്കുരിച്ച ആശയത്തിനു യുഎസ് ആർട്ടിസ്റ്റ് ഒരുക്കിയ ആവിഷ്‌കാരം ബിനാലെയിൽ

കൊച്ചി: 86 വയസുള്ള ലോകപ്രശസ്‌ത അമേരിക്കൻ ആർട്ടിസ്റ്റ് ജൊവാൻ ജോനാസ് മുൻപൊരിക്കൽ കൊച്ചി സന്ദർശിച്ചിരുന്നു. 2016ലെ ആ സന്ദർശനവേളയിലാണ് ജൊവാന്റെ ചിന്തയിൽ സമുദ്രം അരങ്ങായൊരു ആവിഷ്‌കാരം എന്ന ആശയം പിറവി കൊള്ളുന്നത്. പിന്നെ മൂന്നുവർഷത്തോളം അതേക്കുറിച്ച് തീവ്രമായ ഗവേഷണത്തിലായിരുന്നു അവർ. ലോകമെമ്പാടുമുള്ള അക്വേറിയങ്ങളിലും ജമൈക്കൻ തീരക്കടലിലുമെല്ലാം നേരിട്ടെത്തി ശാസ്ത്രീയമായ പഠനം നടത്താൻ അന്ന് 80 വയസ് പിന്നിട്ട ആർട്ടിസ്റ്റിന് പ്രായം ഒരു പ്രതിബന്ധമേ ആയില്ല. 

ഈ ശ്രമകരമായ തപസ്യയുടെ ഉജ്ജ്വല പരിണിതിയായ 'മൂവിംഗ് ഓഫ് ദി ലാൻഡ് II' എന്ന കലാവിഷ്‍കാരം ഇപ്പോൾ കൊച്ചിയിലുണ്ട്. കടൽജീവിതത്തിനു മനുഷ്യനേൽപ്പിക്കുന്ന ദാരുണ വിനാശം ചർച്ച ചെയ്യുന്ന വീഡിയോകളും എഴുത്തും ചിത്രണവും ഉൾപ്പെട്ട ഈ സൃഷ്‌ടി ബിനാലെയുടെ ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിലെ പ്രദർശനവേദിയിൽ കാണാം. എല്ലാ കടലുകൾക്കും കടൽജീവികൾക്കും ഭൂമിയുടെ മൂന്നിൽ രണ്ടു വരുന്ന ജലലോകത്തെ ജൈവ വൈവിധ്യത്തിനും അതിലോല ആവാസവ്യവസ്ഥയ്ക്കും ആദരമായി തീർത്ത ബൃഹത്തായ ആവിഷ്‌കാരം വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലെ സമീപന വ്യത്യസ്‌തതകൾ കൊണ്ടും ശ്രദ്ധേയം. 

ആറുവർഷം മുമ്പ് കൊച്ചിയിൽ ഒരു പ്രഭാഷണ പ്രദർശനമായിട്ടാണ് ജൊവാൻ 'മൂവിംഗ് ഓഫ് ദി ലാൻഡ്' എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവർഷത്തിനകം ആവിഷ്‌കാരത്തിനു പൂർണ്ണരൂപം നൽകി പ്രദർശിപ്പിക്കുമെന്ന് ജൊവാൻ ജോനാസ് അന്ന് പറയുകയുണ്ടായി. അത് അക്ഷരംപ്രതി പാലിച്ച് ഈ ബഹുവൈജ്ഞാനിക പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) പൂർത്തിയാക്കിക്കൊണ്ട് കലയോടുള്ള പ്രതിബദ്ധതയും സമർപ്പണവും അവർ പ്രകടമാക്കി. സമുദ്ര ജീവ ശാസ്ത്രജ്ഞൻ ഡേവിഡ് ഗ്രബറുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായതും സമുദ്രാന്തർഭാഗത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഉൾപ്പെട്ട ഗ്രബറുടെ ആർക്കൈവുകൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചതും ജോവാന് തുണയായി. 'സൈലന്റ് സ്പ്രിംഗ്' രചിച്ച  റേച്ചൽ കാഴ്‌സൺ ഉൾപ്പെടെ എഴുത്തുകാരും ഈ കലാസൃഷ്‌ടി ഒരുക്കാൻ അവർക്ക് അരങ്ങൊരുക്കി.

വീഡിയോ - അവതരണകലയ്ക്ക് തുടക്കമിട്ട ജൊവാൻ ജോനാസ് അരനൂറ്റാണ്ടായി ലോകത്ത് ഏറ്റവും സ്വാധീനശേഷിയുള്ള ആർട്ടിസ്റ്റുകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. കലാചരിത്രത്തിൽ ബിരുദവും ശിൽപ കലയിൽ ബിരുദാനന്തര ബിരുദവുമുള്ള ജൊവാൻ ശിൽപി എന്ന നിലയ്ക്കാണ് കലാജീവിതം തുടങ്ങിയത്. മാറിയ കാലത്ത് ശിൽപകലയ്ക്കും പെയിന്റിംഗിനുമൊക്കെ എന്തെങ്കിലും കൂടുതലേറെ ചെയ്യാനുണ്ടോ എന്ന ആലോചനയാണ് അവരെ വീഡിയോ - അവതരണകലയിലേക്ക് നയിച്ചത്.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like