ചൂരല്‍മല: പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും മന്ത്രി കെ രാജന്‍
- Posted on July 30, 2024
- News
- By Arpana S Prasad
- 269 Views
ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുണ്ടകൈ, ചൂരല്‍മല തുടങ്ങിയ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും.
സി.ഡി. സുനീഷ്
വയനാട് ചൂരല്‍മലയിലെ ദുരന്ത ബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുണ്ടകൈ, ചൂരല്‍മല തുടങ്ങിയ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. സാഹചര്യത്തിനനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കും. ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യവും എന്‍ഡിആര്‍എഫും സന്നദ്ധ സേനകളും വിവിധ ഭാഗങ്ങളിലായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഫയര്‍ ഫോഴ്‌സിലെ 320 അംഗങ്ങളും കണ്ണൂര്‍ ഡി.എസ്.സി ലെ 67 സേനാംഗങ്ങളും മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ജനങ്ങള്‍ എത്തുന്നത് നിയന്ത്രണം വേണം. ആളുകള്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉടന്‍ ജില്ലയിലെത്തും. മുണ്ടകൈയില്‍ എത്തുന്നതിന് താല്‍ക്കാലിക പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മദ്രാസ് രജിമെന്റ് ടീം പരിശോധിക്കും. ഏഴിമല നേവിയെത്തി പുഴക്ക് മുകളില്‍ പാലം കെട്ടുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതിനുള്ള സാമഗ്രികള്‍ ബാംഗ്ലൂരില്‍ നിന്നെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കാന്‍ കൂടുതല്‍ ആക്‌സലേറ്റുകള്‍ എത്തിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനമാണ് നടക്കുന്നത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍
ലിഫ്റ്റിങ് സംവിധാനം ഇന്ന് വിജയിച്ചില്ലങ്കിലും വീണ്ടും ഇതിന്റെ സാധ്യത പരിശോധിക്കും.
തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, തുടങ്ങിയവരും വാര്‍ത്ത സമ്മേളനത്തില്‍പങ്കെടുത്തു.

