വിദേശയാത്രയ്ക്കായി നോര്‍ക്ക ശുഭയാത്ര വായ്പാ പദ്ധതി. മലപ്പുറത്തെ പ്രവാസി സഹകരണസംഘവുമായി കരാര്‍ കൈമാറി.
- Posted on March 30, 2025
- News
- By Goutham prakash
- 187 Views
വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘവുമായി കരാര്‍ കൈമാറി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയും, സഹകരണ സംഘം ഡയറക്ടര്‍ കെ വിജയകുമാറും തമ്മിലാണ് കരാര്‍ കൈമാറിയത്. ചടങ്ങില്‍ സഹകരണ സംഘത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ആര്‍. ശ്രീകൃഷ്ണപിളള, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
വിദേശത്ത് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ എന്നിവയ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് ഇത്. 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ അപേക്ഷകര്‍ക്ക് വായ്പയായി ലഭിക്കുക. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവര്‍ഷം) പലിശ സബ്സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്‌സ് വഹിക്കും. വീസ സ്റ്റാമ്പിംഗ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ മുതലായവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്.
