വിമാന ദുരന്തം അപകട കാരണം അറിയാൻ ബ്ലാക് ബോക്സ്, സാങ്കേതിക പരിശോധന കൂടി കഴിയണം.
- Posted on June 13, 2025
- News
- By Goutham prakash
- 79 Views

സി.ഡി. സുനീഷ്
പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൻ്റെ എന്തെങ്കിലും സാങ്കേതിക തകരാർ പൈലറ്റ് ടേക്ക് ഓഫ് സമയത്ത് തന്നെ മനസ്സിലാക്കിയിരുന്നോ എന്ന ചോദ്യമാണ് ഏറ്റവും ഒടുവിൽ ഉയരുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമാകുകയുള്ളു. എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോളാണ് ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന വിശകലനങ്ങൾ അപകട സമയത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെയ്ഡേ കോൾ എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾനൽകിയിരുന്നുവെന്നും ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്.