*കേരളത്തിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കും: മന്ത്രി വീണാ ജോർജ്*



*സി.ഡി. സുനീഷ്*


പുന്നപ്ര തെക്ക് പഞ്ചായത്തിലെ ആയുർവേദ ആശുപത്രി നിർമ്മാണോദ്ഘാടനം മന്ത്രി  നിർവഹിച്ചു


കേരളത്തിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


ആയുഷ് വകുപ്പ് ഒരു കോടി രൂപ ചെലവിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 



കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മികവുറ്റതാക്കാനുള്ള  വിവിധ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . 2021ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടര ലക്ഷം പേരാണ് സർക്കാർ  ആശുപത്രികളിൽ

സൗജന്യ ചികിത്സ നേടിയത്. എന്നാൽ 2024ൽ ഇത് ആറര ലക്ഷത്തിലേക്ക് ഉയർന്നു. സർക്കാർ ആശുപത്രികളുടെ സേവനം ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.  


സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ആസൂത്രിത കുപ്രചരണങ്ങളെ  കേരളം ഒറ്റകെട്ടായി നിന്ന് നേരിടും എന്നും മന്ത്രി പറഞ്ഞു.


 ശ്രീവേദവ്യാസ ആയുർവ്വേദ ആശുപത്രിക്ക് സമീപം പഞ്ചായത്ത് വില കൊടുത്തുവാങ്ങിയ ഏഴ് സെൻ്റ് സ്ഥലത്താണ് ഒന്നാം ഘട്ടത്തിൽ ഒ പി ബ്ലോക്ക് പൂർത്തിയാക്കുക. മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്.



ശിശു സൗഹൃദ അമ്പലപ്പുഴ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ശിശു സൗഹൃദ ആലപ്പുഴ എന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 30 അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കുന്നത്. എംഎൽഎ ഫണ്ട്‌, പ്ലാൻ ഫണ്ട്‌, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണമെന്നും മന്ത്രി അറിയിച്ചു. 



ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. നിയോജക മണ്ഡലത്തിൽ നാല് വർഷക്കാലത്തിനുള്ളിൽ ജില്ലാ ആയുർവേദ ആശുപത്രി, കരുമാടി ആയുർവേദ ആശുപത്രി, പുന്നപ്ര വേദവ്യാസ ആയുർവേദ ആശുപത്രി എന്നിവയിൽ മികച്ച ആയുർവേദ ചികിത്സാ സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് എംഎൽഎ പറഞ്ഞു.  

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി,    പുന്നപ്ര തെക്ക്  പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ ബിജുമോൻ, സുലഭഷാജി, എം ഷീജ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ, ഐ എസ് എം ഡി എം ഓ ഡോ. പി ജിജി ജോൺ, എൻ എ എം ഡി പി എം ഡോ. കെ ജി ശ്രീജിനൻ, സി ഡി പി ഓ സുജാദേവി, ചീഫ് മെഡിക്കൽ ഓഫീസർ വിനോദ് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like