പെരിയാറിലെ മൽസ്യസമ്പത്തിന് താങ്ങാകാൻ സ്കൂൾ വിദ്യാർത്ഥികൾ.
- Posted on January 25, 2025
- News
- By Goutham prakash
- 188 Views
കൊച്ചി.
മലിനീകരണത്താലും മറ്റുപാരിസ്ഥിതിക പ്രശ്നങ്ങളാലും ഭീഷണി നേരിടുന്ന പെരിയാർ നദിയിലെ മൽസ്യങ്ങളെ സംരക്ഷിക്കാൻ ഒരുകൂട്ടം സ്കൂൾ വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും.
കളമശ്ശേരി രാജഗിരി ഹയർ സെക്കണ്ടറി സ്കൂളിലെ ഗ്ലോബൽ സ്കൂൾ ഇക്കോ വാരിയേഴ്സ് വിദ്യാർഥികളാണ് ഐക്യരാഷ്രസംഘടനയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളുടെ പ്രചരണാർത്ഥം വംശനാശഭീഷണിയിലുള്ള മഞ്ഞക്കൂരി, കുറുവാപരൽ എന്നീ മൽസ്യങ്ങളുടെ കുഞ്ഞുങ്ങളെ കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെയും ,അമർ സാത്ത് ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ വെള്ളിയാഴ്ച്ച രാവിലെ 9 20 ന് ആലുവ അദ്വൈതാശ്രമം കടവിൽ നിക്ഷേപിച്ചത്. മൽസ്യകുഞ്ഞുങ്ങളുടെ നിക്ഷേപപരിപാടിയുടെ ഉദ്ഘാടനം കേരള ഫിഷറീസ് സമുദ്രപഠനസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ടി പ്രദീപ് കുമാർ നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിനും മൽസ്യത്തൊഴിലാളികളുടെ വരുമാനവർദ്ധവിനും ഉതകുന്ന കുട്ടികളുടെ ഇത്തരം മാതൃകാപരമായ പരിപാടികൾക്ക് കുഫോസിൻറെ പിന്തുണ അദ്ദേഹം അറിയിച്ചു.
രാജഗിരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ ,സ്വാമി ധർമ്മ ചൈതന്യ , ഡോ. അൻവർ അലി, ഡോ. സുധാകർ , സനീർ എൻ.എസ്, ജോസ് കെ.എ , മരിയ സക്കറിയ , ഡോ. ജെം ജോസ് , രാജീവ് കെ .എ , സിനിമോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
സ്വന്തം ലേഖകൻ.
