ഗൾഫ് യാത്രകപ്പൽ, കൊച്ചി തുറമുഖത്തു നിന്നും ഉടൻ

യാത്ര കപ്പൽ സർവ്വീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് മാരിടൈം ബോർഡ് ഇതിനായുള്ള നടപടികൾ സ്വീകരിച്ചത്

തിരുവനന്തപുരം: കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ദുബായ് സെക്ടറിൽ നിന്നും കേരളത്തിലേക്ക്  ആരംഭിക്കുന്ന യാത്ര കപ്പൽ സർവീസ് കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.

കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. യുടെ സബ്മിഷനുമറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

യാത്ര കപ്പൽ സർവ്വീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് മാരിടൈം ബോർഡ് ഇതിനായുള്ള നടപടികൾ സ്വീകരിച്ചത്. ഇത്തരത്തിൽ കപ്പൽ സർവീസ് നടത്താൻ താല്പര്യമുള്ള കമ്പനികളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുകയും താൽപര്യം അറിയിച്ചുകൊണ്ട് മുന്നോട്ടു വന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്,ജാബൽ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ്  (White Sea Pvt Ltd, Jabal Venture Pvt Ltd. ) എന്നീ രണ്ട് കമ്പനികളുമായി ബോർഡ് ചർച്ച നടത്തുകയും ചെയ്തു.

പ്രസ്തുത ചർച്ചയിൽ കൊച്ചി തുറമുഖമാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ വലിയ കപ്പലുകൾ അടുക്കാൻ സജ്ജമായിട്ടുള്ളത് എന്ന് കണ്ടെത്തി. ആയതിനാൽ ആദ്യഘട്ടമെന്ന നിലയിൽ ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് നടപ്പാക്കാനുദേശിക്കുന്ന യാത്രാ കപ്പൽ സർവ്വീസ് അവിടെനിന്നാവും ആരംഭിക്കുക. സംസ്ഥാനത്തുള്ള മേജർ തുറമുഖങ്ങളിലൊനായ കൊച്ചി തുറമുഖത്തിൻറെ വികസനത്തിനും സംസ്ഥ‌ാന താൽപ്പര്യം മുൻനിർത്തിയുള്ള ചരക്ക്-യാത്രാ കപ്പൽ ഗതാഗതത്തിനും ആവശ്യമായ ഇടപെടലുകൾ സംസഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും യഥാസമയം ഉണ്ടാകാറുണ്ടന്നും മന്ത്രി പറഞ്ഞു.

മേജർ തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ് കൊച്ചി അന്താരാഷ്ട്ര തുറമുഖത്തിൻറെ നടത്തിപ്പു ചുമതല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതവും അന്താരാഷ്ട്ര യാത്രാ കപ്പൽ സർവീസും കൊച്ചി തുറമുഖം വഴിയാണ് നടന്നു വരുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

                                                                                                                  സ്വന്തം ലേഖിക 

Author
Journalist

Arpana S Prasad

No description...

You May Also Like