“ഉപ്പുണ്ടാക്കുന്നവർക്കു പോലും കുടിവെള്ളമില്ല”
- Posted on May 20, 2026
- News
- By Goutham prakash
- 28 Views
ഉപ്പു തിന്നുന്നവൻ
വെള്ളം കുടിക്കും എന്നാണല്ലോ ചൊല്ല്,എന്നാലിവിടെ ഉപ്പ് തിന്നുന്നവർ
വെള്ളം കുടിക്കുന്നില്ല.
ഗുജറാത്തിലെ ഉപ്പുതൊഴിലാളികളുടെ ജീവിതം; ചൂടും ദാഹവും രോഗങ്ങളും തമ്മിലുള്ള അതിജീവന പോരാട്ടം
കൂടിയാണ്.
രാജ്യത്തിന്റെ 75 ശതമാനത്തിലധികം ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന ഗുജറാത്തിലെ കച്ച് പ്രദേശത്തെ അഗരിയ ഉപ്പുതൊഴിലാളികൾ ഇന്ന് കടുത്ത കുടിവെള്ള ക്ഷാമത്തിന്റെയും ആരോഗ്യ പ്രതിസന്ധിയുടെയും നടുവിലാണ് ജീവിക്കുന്നത്.
ഉപ്പ് നിറഞ്ഞ മരുഭൂമിയിൽ എട്ട് മാസത്തോളം താൽക്കാലിക കൂടാരങ്ങളിൽ കഴിയുന്ന ഇവർക്ക് ശുദ്ധജലം പോലും പലപ്പോഴും സ്വപ്നമായി മാറുകയാണ്.
കച്ച് ജില്ലയിലെ ലിറ്റിൽ റൺ ഓഫ് കച്ചിൽ ആയിരക്കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ഉപ്പുപാടങ്ങളിലാണ് അഗരിയ സമൂഹം ജോലി ചെയ്യുന്നത്. കനത്ത ചൂടിലും ഉപ്പുവെള്ളത്തിനുള്ളിലും മണിക്കൂറുകളോളം ജോലി ചെയ്യുന്നതിനാൽ കണ്ണുരോഗങ്ങൾ, ചർമ്മരോഗങ്ങൾ, പൊള്ളലുകൾ, പൊട്ടിയ പാദങ്ങൾ, രക്തസമ്മർദ്ദ പ്രശ്നങ്ങൾ, വയറുവ്യാധികൾ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇവർ നേരിടുന്നത്.
22കാരിയായ റിസ്വാന ഹാജി എന്ന യുവതി പറയുന്നത്, “വെള്ളം കുറയുമ്പോൾ കുളിയും വസ്ത്രം അലക്കലും വരെ നിർത്തേണ്ടി വരും. ചില ദിവസങ്ങളിൽ കുടിക്കാൻ മാത്രം വെള്ളം ശേഷിക്കും” എന്നാണ്. സ്വകാര്യ ടാങ്കറുകളിൽ നിന്ന് 10 മുതൽ 15 ദിവസത്തിലൊരിക്കൽ എത്തുന്ന വെള്ളത്തിനാണ് കുടുംബങ്ങൾ ആശ്രയിക്കുന്നത്.
ഒരു വ്യക്തിക്ക് ദിവസേന കുറഞ്ഞത് 50 ലിറ്റർ വെള്ളമെങ്കിലും ലഭിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡം. എന്നാൽ ഇവിടെ പല കുടുംബങ്ങൾക്കും ഒരാൾക്ക് അഞ്ച് ലിറ്റർ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പ്രദേശത്തെ ആരോഗ്യ സംവിധാനവും ദയനീയമാണ്. അടേസറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുദ്ധജലം പോലും ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ടോയ്ലറ്റുകളും ചികിത്സാ സംവിധാനങ്ങളും പല വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പല ഗർഭിണികളും 120 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രികളിലേക്കാണ് പ്രസവത്തിനായി പോകുന്നത്. സാമ്പത്തികമായി കഴിയാത്തവർ വീടുകളിൽ തന്നെ പ്രസവിക്കുമ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് വലിയ അപകടമാണ് ഉണ്ടാകുന്നത്.
ഇതിനിടെ ഗുജറാത്തിലെ ജലവിതരണ സംവിധാനം സ്വകാര്യവത്കരിക്കപ്പെട്ടതോടെ സ്ഥിതി കൂടുതൽ വഷളായതായി സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. സർക്കാർ നൽകേണ്ട വെള്ളം സ്വകാര്യ ടാങ്കർ ലോബികൾ നിയന്ത്രിക്കുകയാണെന്നും അതിനാൽ സാധാരണ തൊഴിലാളികൾ വലിയ വില കൊടുത്ത് വെള്ളം വാങ്ങേണ്ടിവരുന്നതായും വിമർശനം ഉയരുന്നു.
വർഷം മുഴുവൻ രാജ്യത്തിന് ആവശ്യമായ ഉപ്പ് നിർമ്മിക്കുന്ന തൊഴിലാളികൾക്ക് കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാത്ത അവസ്ഥ രാജ്യത്തിന്റെ വികസന മാതൃകയോടുള്ള വലിയ ചോദ്യമായി മാറുകയാണ്.
