സ്മാര്‍ട്ട് ഫോണ്‍ ദുരുപയോഗം, കുട്ടികളെ മോചിതരാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍.
- Posted on November 18, 2023
- Localnews
- By Dency Dominic
- 133 Views
ഫോണില്‍ 'സൂപ്പര്‍' എന്ന ഡിജിറ്റല്‍ പാരന്‍റിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടിയുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകള്‍ ബ്ലോക്ക് ചെയ്യുകയും ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൃത്യമായി അത് രക്ഷിതാവിനെ അറിയിക്കുകയും ചെയ്യും
തിരുവനന്തപുരം: മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും കുട്ടികള്‍ ഏറെസമയം ചെലവഴിക്കുന്നുവെന്ന പരാതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി അക്കാര്യത്തില്‍ ആശങ്കവേണ്ട. ഫോണില്‍ 'സൂപ്പര്‍' എന്ന ഡിജിറ്റല്‍ പാരന്‍റിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടിയുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകള്‍ ബ്ലോക്ക് ചെയ്യുകയും ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൃത്യമായി അത് രക്ഷിതാവിനെ അറിയിക്കുകയും ചെയ്യും. തത്സമയ ലോക്കേഷന്‍ അപ്ഡേറ്റുകളും അലര്‍ട്ടുകളും വഴി കുട്ടി സെര്‍ച്ച് ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും സോഷ്യല്‍ മീഡിയ ചാറ്റുകളെ കുറിച്ചുള്ള വിശദാംശങ്ങളും രക്ഷിതാവിന് ലഭിക്കും. ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്സ്പോയിലാണ് ഇത്തരം നവീന സംരംഭങ്ങള്‍ ശ്രദ്ധ നേടന്നത്.
ഫോണിനെ കുട്ടികളുടെ പ്രധാനപ്പെട്ട പഠന പങ്കാളികളാക്കി മാറ്റുക എന്നതാണ് ആപ്പ് പ്രധാനമായി ലക്ഷ്യമിടുന്നത്. പഠനസമയത്തെ കൂടാതെ പ്രാര്‍ത്ഥനയുടെയോ വ്യായാമത്തിന്‍റെയോ സമയങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആപ്പുകള്‍ മാത്രമേ ഫോണില്‍ ഉപയോഗിക്കാനാകൂ. ഫലപ്രദമായ ഡിജിറ്റല്‍ ഇടപെടലുകള്‍ പരിശീലിപ്പിക്കുന്നതിന് പുറമേ പഠനത്തിനും ഗൃഹപാഠം ചെയ്യുന്നതിനും വിനോദവും വ്യായാമവുമടക്കമുള്ള ദിനചര്യകള്‍ ക്രമീകരിക്കുന്നതിനും ഈ ആപ്പ് കുട്ടികളെ സഹായിക്കും. സോഷ്യല്‍ മീഡിയ ഉപയോഗവും ഗെയിമിങ്ങും വാരാന്ത്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും.
പ്രധാനപ്പെട്ട കാര്യങ്ങള്‍ കുട്ടികളെ കൃത്യസമയത്ത് ഓര്‍മ്മിപ്പിക്കുന്നതിന് 'സൂപ്പര്‍' ആപ്പ് സഹായിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ താത്പര്യങ്ങളും അവര്‍ എന്താണ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതെന്നും എത്ര സമയം അവര്‍ നെറ്റ് ഉപയോഗിച്ചെന്നും ആപ്പ് അറിയിക്കും. പുതിയ കാലത്ത് രക്ഷകര്‍ത്താക്കള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് ഡിജിറ്റല്‍ പാരന്‍റിംഗ് അസിസ്റ്റന്‍റ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കും.
കുട്ടികളെ മൊബൈല്‍ സ്ക്രീനില്‍ നിന്ന് അകറ്റുന്നതിനുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം കവടിയാറില്‍ നിന്നുള്ള യുവ സംരംഭകനായ പ്രിന്‍സ്. വീടിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളിയാക്കാനാണ് ശ്രമം. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂന്തോട്ട പരിപാലനത്തില്‍ കുട്ടികളെ വ്യാപൃതരാക്കാന്‍ ഉദ്ദേശിച്ചാണിത്. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായാണ് രൂപകല്‍പന. ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയുമായി ഇടപഴകുന്നതിനും പരിസ്ഥിതിബോധം വളര്‍ത്തുന്നതിനും ഇത് സഹായിക്കും. പുന്തോട്ടത്തിലുടെ നീങ്ങുന്ന ഒരു ചെറിയ റോബോട്ടിന്‍റെ സഹായത്തോടെ കളകള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കും. ഫെബ്രുവരിയോടെ ഈ ഉത്പന്നം വിപണിയില്‍ എത്തിക്കുമെന്ന് സംരംഭകര്‍ പറഞ്ഞു.
ലോജിസ്റ്റിക്സിന് കരുത്ത് പകരുന്ന സുരക്ഷാ ഉപകരണവുമാണ് സ്റ്റാളിലെ മറ്റൊരാകര്‍ഷണം. കേരളം ആസ്ഥാനമായുള്ള സ്മാര്‍ട്ട് ലോക്ക് ബ്രാന്‍ഡായ ഇക്കിന്‍ ഗ്ലോബലിന്‍റെ നൂതന സംരംഭമാണ് സ്മാര്‍ട്ട് ജിപിഎസ് ലോക്ക്. ദീര്‍ഘദൂര കണ്ടെയ്നര്‍ ട്രക്കുകളിലും മറ്റും സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ചരക്കുകളുടെ മോഷണ ശ്രമങ്ങള്‍ കണ്ടെത്തുന്നതിനും ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ഇത് സഹായകരമാണ്. വീടുകളുടെ സ്മാര്‍ട്ട് ലോക്കുകളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഗാര്‍ഹിക, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇവ പ്രയോജനപ്പെടുത്താനാവും. സ്മാര്‍ട്ട് ജിപിഎസ് ലോക്കുകള്‍, സ്മാര്‍ട്ട് ഷട്ടര്‍ ലോക്കുകള്‍, ഡോര്‍ ലോക്കുകള്‍ എന്നിവയും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റിയന്‍പതോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് ഹഡില്‍ ഗ്ലോബല്‍ എക്സ്പോയിലുള്ളത്.
സി.ഡി. സുനീഷ്.