വയനാടൻ ചുരത്തിലെ പീഡാനുഭവ യാത്രയിൽ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ
കൽപ്പറ്റ : ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി വയനാട് ചുരത്തില്‍ ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താമരശ്ശേരി അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ വയനാട് ലക്കിടി മൗണ്ട് സീനായില്‍ സമാപിച്ചു. ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുത്ത് ഏറ്റവും കൂടുതൽ ദൂരം പാപപരിഹാര യാത്ര നടത്തുന്നുവെന്നതിൻ്റെ പേരിൽ 2006 -ൽ ഗിന്നസ് റെക്കോർഡ് നേടിയ വയനാടൻ ചുരത്തിലെ കുരിശിൻ്റെ വഴി 32 - വർഷമാണിത്. ഈസ്റ്ററിന് മുമ്പുള്ള 50 നോമ്പ് തുടങ്ങിയത് മുതൽ എല്ലാ വെള്ളിയാഴ്ചയും കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും വയനാട്ടിലെ ലക്കിടി വരെ കുരിശിൻ്റെ വഴി നടത്താറുണ്ട്. ദു:ഖവെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്നത്. രാവിലെ ഫാ: ജെയിംസ് മേക്കര മിശിഹാ ചരിത്ര സന്ദേശവും മാർ ജോൺ പനന്തോട്ടം ദു:ഖവെള്ളി സന്ദേശവും നൽകിയാണ് അടിവാരത്ത് നിന്ന് കുരിശിൻ്റെ വഴി ആരംഭിച്ചത്. കാൽവരി യാത്രയെ അനുസ്മരിച്ച് കുരിശ് വഹിച്ച യേശു ക്രിസ്തുവും അമ്മ മറിയവും ഭക്ത സ്ത്രീകളും പടയാളികളും വേഷഭൂഷാദികളണിഞ്ഞ് പരിഹാര യാത്രക്ക് മുമ്പിൽ നീങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചുരത്തിലുടനീളം സംഭാരം അടക്കം പാനീയങ്ങൾ നൽകി. യേശുവിൻ്റെ ഗാഗുൽത്തായിലേക്കുള്ള പീഢാനുഭവ യാത്രയിലെ സ്ഥലങ്ങളെ ഓർമ്മപ്പെടുത്തി 14 സ്ഥലങ്ങളിലും താൽക്കാലിക കുരിശ് സ്ഥാപിച്ച് വിശ്വാസികൾ അവിടെ പ്രാർത്ഥന നടത്തി. ഉച്ചക്ക് രണ്ട് മണിയോടെ ലക്കിടി മൗണ്ട് സീനായിൽ സമാപിച്ചു. രാവിലെ മുതൽ ഇവിടെ നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു . വലിയ സംഘമായുള്ള കുരിശിൻ്റെ വഴി കൂടാതെ പുലർച്ചെ നാല് മണി മുതൽ വൈകുന്നേരം വരെ യു. ചെറുസംഘങ്ങളായും ആളുകൾ ചുരത്തിലൂടെ പരിഹാര പ്രദക്ഷിണം നടത്തുന്നുണ്ടായിരുന്നു.