എം.എൽ. എ ഉമ തോമാസിന്റെ പരിക്ക് ആശങ്കാജനകമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
- Posted on December 30, 2024
- News
- By Goutham prakash
- 170 Views
കൊച്ചി.
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടി കാണാനായി സ്റ്റേഡിയത്തിലെത്തിയ ഉമാ തോമസ് എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് ക്യൂ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്ന റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണെന്നും ആരോപണമുണ്ട്. താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ ചികിത്സക്കായി ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വീഴ്ചയില്‍ വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റെന്നും, തലച്ചോറില്‍ മുറിവുണ്ടായെന്നും നട്ടെല്ലിന് പരുക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു
സി.ഡി. സുനീഷ്.
