രാസവസ്തുക്കളില്ലാതെ ജീവനോടെ മത്സ്യങ്ങളെ സുരക്ഷിതമായി കടത്താൻ പുതിയ സാങ്കേതികവിദ്യ; ഐകാർ-സിഫ്റ്റിന് ഇന്ത്യൻ പേറ്റന്റ്
- Posted on July 01, 2026
- News
- By Goutham prakash
- 24 Views
കൊച്ചി.
ജൂൺ 30: ജീവനോടെ മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും രാസവസ്തുക്കൾ ഉപയോഗിക്കാതെ സുരക്ഷിതമായി കടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച ഐകാർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT), കൊച്ചിക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
"An Apparatus for Hypothermic Anesthetization of Aquatic Animals Prior to Live Transport using Non-cyclic Refrigeration" എന്ന കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് അനുവദിച്ചത്.
ഗതാഗതത്തിന് മുമ്പ് മത്സ്യങ്ങളെ നിയന്ത്രിതമായ കുറഞ്ഞ താപനിലയിൽ ക്രമേണ മയക്കാവസ്ഥയിലാക്കുന്ന (Hypothermic Anaesthetization) സംവിധാനമാണ് ഇത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ ഓരോ മത്സ്യവർഗത്തിനും അനുയോജ്യമായ രീതിയിൽ താപനില കുറയ്ക്കുന്നതിനാൽ പെട്ടെന്നുള്ള താപാഘാതം ഒഴിവാക്കുകയും ഗതാഗതത്തിനിടെ മത്സ്യങ്ങളുടെ ജീവനിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. നിയന്ത്രിതവും രാസവസ്തുക്കളില്ലാത്തതുമായ ശീതീകരണ സംവിധാനമാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത.
ജീവനോടെ മത്സ്യങ്ങളെ വിപണിയിലെത്തിക്കുമ്പോൾ സമ്മർദവും മരണനിരക്കും മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ മത്സ്യങ്ങളുടെ ഗുണനിലവാരം നിലനിർത്താനും വിപണിമൂല്യം വർധിപ്പിക്കാനും ജീവനോടെ കടൽവിഭവങ്ങൾ എത്തിക്കുന്ന വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ഐകാർ–സിഫ്റ്റ് അറിയിച്ചു. ചെറുകിട, ഇടത്തരം മത്സ്യകർഷകർക്കും വ്യാപാരികൾക്കും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാകും.
ശാസ്ത്ര-സാങ്കേതിക വകുപ്പ് (DST) ധനസഹായത്തോടെ നടപ്പാക്കിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിലവിലുള്ള രീതികളേക്കാൾ ലളിതവും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ബദലായാണ് ഇതിനെ വിലയിരുത്തുന്നത്.
ഡോ. പാർവതി യു., ഡോ. മുരളി എസ്., ഡോ. ബിൻസി പി.കെ., ഡോ. സതീഷ് കുമാർ കെ., ഡോ. രവിശങ്കർ സി.എൻ., ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ എന്നിവരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷകസംഘം. മത്സ്യകൃഷി മേഖലയിലെ ഗതാഗത നഷ്ടം കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള ജീവനുള്ള മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ഈ കണ്ടുപിടിത്തം സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
