സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍.
- Posted on April 01, 2023
- News
- By Goutham Krishna
- 175 Views
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍സിസ്റ്റം ബയോമെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് പിൻവാങ്ങൽ. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതൽ നിർബന്ധമാക്കണമെന്ന ചീഫ്സെക്രട്ടറിയുടെ നിർദ്ദേശവും ഇതുവരെ പൂർണമായും നടപ്പായിട്ടില്ല. സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത് ഓഫീസിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കയറിയിറങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തൽ. സെക്രട്ടറിയേറ്റിലെ സുരക്ഷ വർദ്ധിപ്പിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ആക്സ്സ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാൻ തീരുമാനിച്ചു. ഓരോ ഓഫീസ് കവാടത്തിലും ഇടനാഴിയിലുമെല്ലാം കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവന്നു. എല്ലാ സംഘടനകളുടെയും കടുത്ത എതിർപ്പ് മറികടന്ന് ഇന്ന് മുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും അത് കഴിഞ്ഞ് ആക്സസ് കൺട്രോൾ ബയോമെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും മെയിൻ ബ്ലോക്കിൽ നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ ഉത്തരവ് ഭേദഗതി ചെയ്തു. ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമർശം നീക്കി. രണ്ട് മാസത്തെ പ്രവർത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഇന്ന് മുതൽ എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക്ക് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശവും പൂർണമായും നടപ്പായിട്ടില്ല.
സ്വന്തം ലേഖകൻ.