ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ" പരിപാടിക്ക് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും കേരള മുഖ്യമന്ത്രി പിണറായി വിജയനും നേതൃത്വം നൽകി.
- Posted on March 31, 2025
- News
- By Goutham prakash
- 182 Views
ഗുജറാത്തിലെ ജുനഗഡിൽ ഇന്ന് നടന്ന 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' പരിപാടിക്ക് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി. അതോടൊപ്പം, തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സൈക്ലിംഗ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്ത്, ക്ലിഫ് ഹൗസിൽ നിന്ന് സെൻട്രൽ സ്റ്റേഡിയം വഴി 7 കിലോമീറ്റർ ദൂരം സൈക്കിൾ റാലി നടന്നു; ഇതിന് സായ് ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എസ്‌എഐ എൽഎൻസിപിഇ) ആതിഥേയത്വം വഹിച്ചു.
ഈ ആഴ്ചയിലെ 'സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഒപ്പം രാജ്യത്തുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളും സൈക്കിൾ റാലിയിൽ പങ്കെടുത്തു എന്നതായിരുന്നു സവിശേഷത . "ഫിറ്റ് ഇന്ത്യ കാമ്പെയ്ൻ ഒരു രാജ്യവ്യാപക പ്രസ്ഥാനമായി വികസിച്ചുകൊണ്ടിരിക്കുന്നു, ഇന്ന്,സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയിൽ സ്കൂൾ കുട്ടികളുടെ പങ്കാളിത്തം ഇതിന്റെ വ്യക്തമായ തെളിവാണ്. ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് നിർണായകമാണ്," ഡോ. മാണ്ഡവ്യ പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ന് നടന്ന പരിപാടിയിൽ, ഇന്ത്യൻ കരസേന, സിആർപിഎഫ്, ബിഎസ്എഫ്, എൻസിസി, കേരള പോലീസ് (എസ്എപി), കേരള പോലീസ് (ട്രാഫിക്), ക്രൈം ബ്രാഞ്ച്, കളക്ടറേറ്റ്, എഫ്‌സിഐ, ആർബിഐ, സ്‌പോർട്‌സ് വകുപ്പ്, സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ്, കെആർസിസി, കെഎസ്‌എസ്‌സി, എൻഎസ്‌എസ്, തിരുവനന്തപുരം ഗോൾഫ് ക്ലബ്, കേരള ഒളിമ്പിക് അസോസിയേഷൻ, കേരള സൈക്ലിംഗ് അസോസിയേഷൻ എന്നിവയുൾപ്പെടെ കേരളത്തിലുടനീളമുള്ള 500-ലധികം ഫിറ്റ്‌നസ് കാംക്ഷികൾ, സൈക്ലിംഗ് ഗ്രൂപ്പുകൾ, സംഘടനകൾ എന്നിവർ പങ്കെടുത്തു.
ദേശീയ തലസ്ഥാനത്ത്, 'ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' പരിപാടിയിൽ പ്രമുഖ കായിക താരങ്ങൾ പങ്കെടുത്തു. അർജുന അവാർഡ് ജേതാവ് ബോക്‌സർ സോണിയ ലാതറും 2024 ലെ ഏഷ്യൻ അണ്ടർ-22 ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവും ഖേലോ ഇന്ത്യ അത്‌ലറ്റുമായ പ്രാചി ധൻഖറും സൈക്കിൾ റാലിയിൽ പങ്കെടുത്തു 'പുഷ്-അപ്പ് മാൻ ഓഫ് ഇന്ത്യ' റോഹ്താഷ് ചൗധരിയും പരിപാടിയിൽ വീണ്ടും ഭാഗമായി. ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ കായിക ക്ഷമതയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പരിപാടിയിൽ വെർച്വലായി പങ്കെടുത്തു
സൺഡേയ്‌സ് ഓൺ സൈക്കിൾ സംരംഭത്തിൽ രാജ്യവ്യാപകമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) പ്രാദേശിക കേന്ദ്രങ്ങൾ, ദേശീയ മികവ് കേന്ദ്രങ്ങൾ (NCOEs), ഖേലോ ഇന്ത്യ സെന്ററുകൾ (KICs) എന്നിവിടങ്ങളിലായി ഒരേസമയം പരിപാടികൾ നടക്കുന്നു. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI), ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PEFI), ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ (IMA) ഡോക്ടർമാർ, വിവിധ സൈക്ലിംഗ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി സഹകരിച്ചാണ് ഈ പരിപാടി നടക്കുന്നത്.
