നമ്മുടെ ഭാവി നമ്മുടെ കൃഷിയെ അടിസ്ഥാനമാക്കിയാണ്: കൃഷി മന്ത്രി പി പ്രസാദ്. ചിറയിൻകീഴിന് കൂൺ ഗ്രാമം പദ്ധതി അനുവദിച്ചു.
- Posted on July 10, 2025
- News
- By Goutham prakash
- 70 Views

**സി.ഡി. സുനീഷ്*
തിരുവനന്തപുരം: നമ്മുടെ ഭാവി നമ്മുടെ കൃഷി അടിസ്ഥാനമാക്കിയാണെന്നും പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തുന്നതിലൂടെയാണ് നമ്മൾ സ്മാർട്ട് ആകുന്നതെന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. ചിറയിൻകീഴ് എം.എൽ.എ. വി ശശിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കിഴുവിലം കൃഷിഭവൻ മന്ദിരം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2050 അവസാനത്തോടെ ലോകജനസംഖ്യ 1000 കോടി കടക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാർപ്പിടത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകില്ലെങ്കിലും ഭക്ഷണലഭ്യത ലോകം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ ആരോഗ്യവും നമ്മുടെ വിശപ്പുമൊക്കെ മറ്റുള്ളവരുടെ കച്ചവട ഉപാധിയായി മാറാതിരിക്കാൻ നമ്മൾ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യകരമായ ഒരു യുവ തലമുറയെ വാർത്തെടുക്കേണ്ടത് അനിവാര്യമാണ്. കേവലം കൃഷിഭവന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിലൂടെയോ, ഐ.റ്റി. സംവിധാനങ്ങൾ മെച്ചപ്പെടുത്തിയതിലൂടെയോ കൃഷി സ്‍മാർട്ടാകുന്നില്ല. പഴം-പച്ചക്കറികളുടെയും, ഇലവർഗ്ഗങ്ങളുടെയും, കിഴങ്ങുവർഗ്ഗങ്ങളുടെയും കാര്യത്തിൽ നമുക്ക് സ്വയംപര്യാപ്തമാകാൻ കഴിയണം അങ്ങനെ മാത്രമേ നമുക്ക് സ്മാർട്ട് ആകാൻ കഴിയു. കൃഷിയോഗ്യമായ ഓരോ തുണ്ട് ഭൂമിയിലും കൃഷി ചെയ്തെങ്കിൽ മാത്രമേ നമുക്ക് ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കു മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തെയും ജനങ്ങൾ അനുഭവിക്കുന്ന പോഷകാഹാരകുറവ് എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കാൻ ഉതകുന്ന കാർഷിക രീതികൾ അനുവർത്തിക്കുന്ന പദ്ധതികൾ നമുക്ക് രൂപീകരിക്കാൻ കഴിയണം, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളോട് മന്ത്രി ആഹ്വനം ചെയ്തു. ഈ വരുന്ന ഓണം വിഷരഹിതമാക്കുന്നതിനു കർഷകർ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെ ഉന്നമനത്തിനായി ചിറയിൻകീഴ് നിയോജക മണ്ഡലം ചെയ്യുന്ന മാതൃകാപരമായ പ്രവർത്തികൾക്കും എം.എൽ.എ.യുടെ പ്രത്യേക താല്പര്യത്തിനും അഭിനന്ദനങ്ങൾ അറിയിച്ച മന്ത്രി ചിറയിൻകീഴ് കാർഷിക ബ്ലോക്കിൽ പുതുതായി കൂൺ ഗ്രാമം പദ്ധതി അനുവദിച്ചതായി പ്രഖ്യാപിച്ചു. ചിറയിൻകീഴ് എം.എൽ.എ. വി ശശി അധ്യക്ഷനായ ചടങ്ങിൽ, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് രജിത ആർ സ്വാഗതം ആശംസിച്ചു. ഓരോ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത കർഷക, കർഷക തൊഴിലാളി പ്രതിനിധികളെ മന്ത്രിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി എന്നിവർ ചേർന്ന് ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി കെ അലക്സ് പദ്ധതി വിശദീകരണം നടത്തി. ഓണത്തിനോടനുബന്ധിച്ച് കിഴുവിലം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പൂവനി - പുഷ്പകൃഷി പദ്ധതി പ്രഖ്യാപനവും വേദിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് കൃഷി ഓഫീസർ രതീഷ് കുമാർ റ്റി നന്ദി പ്രകാശിപ്പിച്ചു.