വരുന്നു ക്ലൌഡ് ടെലിഫോണി; ഇനി പരാതി രേഖപ്പെടുത്താം അതിവേഗത്തില്‍.

  • Posted on April 05, 2023
  • News
  • By Fazna
  • 230 Views

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ഉപഭോക്താക്കള്‍‍ക്ക് വൈദ്യുതി സംബന്ധമായ പരാതികള്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താന്‍ ഇനി ക്ലൌഡ് ടെലിഫോണി സൌകര്യവും.  ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പരാതികള്‍ രേഖപ്പെടുത്തുന്നതിനും വിവരങ്ങള്‍‍ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്.  വൈദ്യുതി തടസ്സം ഓണ്‍‍ലൈന്‍‍ പേയ്മെന്റ്, വൈദ്യുതി ബില്‍ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷന്‍‍ ഒഴികെയുള്ള വാതില്‍‍പ്പടി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലൌഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും. ‍ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചാല്‍ ഈ സേവനം ലഭ്യമാകും. വാട്സ്ആപ്, എസ്എം.എസ്. മാര്‍‍ഗ്ഗങ്ങളിലൂടെ ക്ലൌഡ് ടെലിഫോണി  സേവനങ്ങള്‍ നല്‍കുന്ന സംവിധാനവും രണ്ടാംഘട്ടമായി ഏര്‍‍പ്പെടുത്തും. നിലവില്‍ പരാതികള്‍ രേഖപ്പെടുത്താനും സേവനങ്ങള്‍‍ നേടാനും സെക്ഷന്‍‍ ഓഫീസിലെ ലാന്‍ഡ് ഫോണിലേക്കോ 1912 എന്ന ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍‍ നമ്പരിലേക്കോ ആണ് ഉപഭോക്താക്കള്‍ ബന്ധപ്പെടുന്നത്.  പതിനയ്യായിരത്തോളം ഉപഭോക്താക്കളുള്ള സെക്ഷന്‍‍ ഓഫീസില്‍  ഒരു സമയം ഒരാള്‍‍ക്ക് മാത്രമാണ് ഫോണില്‍ ബന്ധപ്പെടാനാവുക. 1912 കോള്‍ സെന്ററില്‍ ഒരേ സമയം 48 പേര്‍ക്ക് വരെ ബന്ധപ്പെടാനാകും. മഴക്കാലങ്ങളിലും പ്രകൃതിക്ഷോഭ സമയത്തും നിരവധി പേര്‍ പരാതി അറിയിക്കാന്‍‍ വിളിക്കുന്ന സാഹചര്യത്തില്‍ ഫോണില്‍ ദീര്‍‍ഘ സമയം കാത്തുനില്‍‍ക്കേണ്ട അവസ്ഥ പലപ്പോഴും പരാതിക്ക് കാരണമായിട്ടുണ്ട്.  എന്നാല്‍ ക്ലൌഡ് ടെലിഫോണി സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് പൂര്‍‍ണ്ണമായും ഇല്ലാതെയാകും.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like