ആറ് പേർക്ക് പുതുജീവിതം നൽകി സെൽവിൻ മടങ്ങി
- Posted on November 25, 2023
- Localnews
- By Dency Dominic
- 236 Views
അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്
മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.
ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.
അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ വിന്യസിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.