ഏലപ്പേനിനെ നിയന്ത്രിക്കാന്‍ ജൈവകീടനാശിനി; വാണിജ്യോല്‍പാദനത്തിനൊരുങ്ങി ഐ.ഐ.എസ്ആര്‍*

**സി.ഡി. സുനീഷ്* 


ഏലക്കായ്കളില്‍ തവിട്ട് നിറത്തില്‍ പാടുകള്‍ ഉണ്ടാക്കുന്ന ഏലപ്പേനുകളെ തടയാന്‍ ജൈവനിയന്ത്രണ മാര്‍ഗവുമായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആര്‍ -ഐഐഎസ്ആര്‍). ഏലപ്പേനുകളെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന രാസകീടനാശിനികള്‍ക്ക് പകരം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ജൈവകീടനാശിനിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനമാണ് ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.


സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഏലപ്പേനുകളില്‍നിന്ന് (കാര്‍ഡമം ത്രിപ്സ്) വേര്‍തിരിച്ചെടുത്ത 'ലെക്കാനിസിലിയം സാലിയോട്ടെ' എന്ന കുമിള്‍ ഉപയോഗിച്ചാണ് ജൈവകീടനാശിനി വികസിപ്പിച്ചിരിക്കുന്നത്. ഈ കുമിള്‍ ഏലപ്പേനുകളില്‍ വളരുകയും അവയെ ഇല്ലാതാക്കുകയും ചെയ്യും. ഇടുക്കി, വയനാട് ജില്ലകളില്‍ ഏലത്തോട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇത് രാസകീടനാശിനികളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവക്ക് ചെടികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും മണ്ണില്‍ നിന്നുള്ള പോഷക ലഭ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന അധിക ഗുണവുമുണ്ട്. 


കേന്ദ്ര കീടനാശിനി ബോര്‍ഡ് ആന്‍ഡ് രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകൃത ലബോറട്ടറിയില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ജൈവകീടനാശിനി, ചാണകവുമായി കലര്‍ത്തി മണ്ണില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയുന്ന തരി രൂപത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഏലത്തിന്റെ ചുവടില്‍ മൂന്നോ നാലോ തവണ പ്രയോഗിക്കാം. സംയോജിത കീടനിയന്ത്രണ പദ്ധതികളില്‍ ഉപയോഗിക്കുന്നതിനും അനുയോജ്യമാണ്. രാസകീടനാശിനികളുടെ ഉപയോഗം കുറക്കുന്നതിനും അതുവഴി സുഗന്ധവ്യഞ്ജനങ്ങളിലുണ്ടാകാവുന്ന കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമാക്കുന്നതിനും ഇതിലൂടെ സാധിക്കും. 


ഇന്ത്യയില്‍ 70,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ഏലത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പേന്‍ ആക്രമണം. കായ്കളെ നശിപ്പിക്കുകയും വിളവ് കുറക്കുകയും ചെയ്യുന്ന ഈ കീടം കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. രാസകീടനാശിനികള്‍ക്ക് പകരമായി കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ജൈവ കീടനിയന്ത്രണ മാര്‍ഗത്തിന്റെ ഉപയോഗം ഏലം മേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്താനിടയുണ്ടെന്ന് ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. ആര്‍ ദിനേശ് പറഞ്ഞു. ഡോ. സി എം സെന്തില്‍ കുമാര്‍, ഡോ. ടി കെ. ജേക്കബ്, ഡോ. എസ് ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 


ഈ സാങ്കേതികവിദ്യയുടെ വാണിജ്യോല്‍പാദനത്തിനും വിപണനത്തിനുമായുള്ള ലൈസന്‍സുകള്‍ ഐഐഎസ്ആര്‍ നല്‍കുന്നുണ്ട്. താല്‍പര്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഐടിഎം-എബിഐ യൂണിറ്റ്, ഐസിഎആര്‍-ഐഐഎസ്ആര്‍, മേരിക്കുന്ന് പി.ഒ, കോഴിക്കോട് -673012, ഫോണ്‍: +91 -495-2731410, ഇമെയില്‍: iisrbpd2019@gmail.com; iisritmu2020@gmail.com.

Author
Citizen Journalist

Goutham prakash

No description...

You May Also Like