സാംക്രമിക, ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏകാരോഗ്യ നയം നിര്‍ണായകം: മുഖ്യമന്ത്രി

സി.ഡി. സുനീഷ് 



പ്രകൃതിയെയും അതിലെ എല്ലാ ജീവജാലങ്ങളെയും ഒന്നായി കണ്ടുകൊണ്ടുള്ള ഏകാരോഗ്യനയം കേരളത്തിലെ പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന സാംക്രമിക ജന്തു ജന്യ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ വെറ്ററിനറി കോളേജില്‍ പൂര്‍ത്തിയായ റഫറല്‍ അനലിറ്റിക്കല്‍ ഡയഗണോസ്റ്റിക് ലബോറട്ടറി സമുച്ചയം, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജിയില്‍ സ്ഥാപിതമായ  ഓഡിറ്റോറിയം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


ആരോഗ്യരംഗത്ത് മികവാര്‍ന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ നാടാണ് കേരളം. ആരോഗ്യം, രോഗപ്രതിരോധം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ ഗവേഷണങ്ങളും പരിശോധനകളും നടത്താന്‍ ഉതകുന്ന സുപ്രധാന ചുവടുവയ്പ്പായി ആധുനിക ലബോറട്ടറി സമുച്ചയം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം വികസനം വെറ്റിനറി കോളേജിന്റെ അടിസ്ഥാന വികസന രംഗത്തും അക്കാദമിക രംഗത്തും മികവുറ്റ ചുവടുവെയ്പ്പായി മാറും. മൃഗസംരക്ഷണം ഉറപ്പാക്കുക മാത്രമല്ല സര്‍വകലാശാലയുടെ ലക്ഷ്യം. പുതിയ അക്കാദമിക് കോഴ്സുകള്‍ക്ക് തുടക്കം കുറിക്കാനും കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രമല്ല, അക്കാദമിക് രംഗത്തും സമാന്തരമായി ഇടപെട്ടുകൊണ്ട് ആഗോളനിലവാരത്തിലേക്ക് എത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.. 


സര്‍വകലാശാലയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വണ്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി 33 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വയനാട് പാക്കേജിന് കീഴില്‍ വെറ്റിനറി ഡയഗ്‌നോസ്റ്റിക് സെന്ററും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. 

 ബേസ് ഫാം കോലാഹലമേട്ടില്‍ ഒരു കോടി രൂപ ചിലവില്‍    പുതിയ ഓഫീസ് കെട്ടിടവും പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അതിനോടൊപ്പം നോളഡ്ജ് പാര്‍ക്ക് ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് ആന്‍ഡ് ബിസിനസ് പ്രോസസ്സിങ്ങിനായുള്ള കേന്ദ്രവും ഒരുങ്ങുകയാണ്. കെഐആര്‍എഫ് റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുവാനായി പ്രയത്‌നിച്ച സര്‍വ്വകലാശാല ജീവനക്കാരെയും വിദ്യാര്‍ഥികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എന്‍ഐആര്‍എഫ് റാങ്കിങ്ങിലും ഉന്നതസ്ഥാനം നേടുവാനും അക്കാദമിക ഗവേഷണ അടിസ്ഥാനസൗകര്യ മേഖലകളില്‍ ഉയര്‍ന്ന ആഗോളനിലവാരത്തിലേക്കെത്തുവാനും സര്‍വ്വകലാശാല പ്രയത്‌നിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും മുഖ്യമന്ത്രി ഉറപ്പു നല്‍കി.


കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാനുള്ള പരിശ്രമത്തില്‍ നിര്‍ണായക പങ്കാണ് സര്‍വ്വകലാശാലകള്‍ക്കുള്ളതെന്ന് മൃഗസംരക്ഷണ, ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനും സാധിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ക്യാമ്പസുകളില്‍ സ്ഥലലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അക്കാദമിക് ഗവേഷണ മികവുകളെക്കുറിച്ചും മന്ത്രി ചിഞ്ചുറാണി സംസാരിച്ചു. 


സര്‍വ്വകലാശാലയുടെ വളര്‍ച്ചയ്ക്ക് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ണുത്തി ക്യാമ്പസില്‍ 16 കോടിയുടെ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതോടുകൂടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 കോടി രൂപ ചെലവഴിച്ചാണ് 45,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള റഫറല്‍ അനലിറ്റിക്കല്‍ ഡയഗ്‌നോസ്റ്റിക് ലാബോറട്ടറി സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന പദ്ധതി വിഹിതമായ 2.80 കോടി രൂപ വിനിയോഗിച്ചാണ് പതിനായിരം ചതുരശ്ര അടിയില്‍ 17 മുറികളുള്ള ലേഡീസ് ഹോസ്റ്റല്‍ നിര്‍മിച്ചത്. സംസ്ഥാന പദ്ധതി വിഹിതമായ 1.30 കോടി രൂപ വിനിയോഗിച്ചാണ് കെ ഐ ഡി എഫ് ടി ഓഡിറ്റോറിയം 65,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്.


മണ്ണുത്തിയിലെ വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജി കാമ്പസ്സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, പ്രൊഫ. ഡോ. കെ.എസ്. അനില്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. പി. സുധീര്‍ ബാബു, സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളായ ഡോ. കെ.സി ബിപിന്‍, സി.ആര്‍ സന്തോഷ്, ഡോ. എ.ആര്‍ ശ്രീരഞ്ജിനി, ഡോ. എസ്.എന്‍ രാജകുമാര്‍, മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. പി.ടി ദിനേശ്, പി.എസ് സുധീഷ്, പി. അഭിരാം, സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങള്‍, ഡയറക്ടര്‍മാര്‍, ഡീൻമാർ കെ.വി.എ.എസ്.യു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





റഫറല്‍ അനലിറ്റിക്കല്‍ ഡയഗണോസ്റ്റിക് ലബോറട്ടറി

                                    

കേരള സര്‍ക്കാരിന്റെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതി വിഹിതമായ 32 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച, 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലബോറട്ടറി സമുച്ചയം സര്‍വ്വകലാശാല നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. ആധുനിക ഗവേഷണ പരിശീലന സംവിധാനങ്ങള്‍, വിവിധ രോഗങ്ങളുടെ നിര്‍ണയം, ആന്റിമൈക്രോബിയല്‍ പ്രതിരോധ നിരീക്ഷണം, ജലം, മൃഗങ്ങള്‍ക്കുള്ള തീറ്റ എന്നിവയുടെ ഗുണനിലവാരപരിശോധനയ്ക്കുള്ള എന്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറി സൗകര്യം, ഭക്ഷ്യഗുണനിലവാര, സുരക്ഷാ പരിശോധനകള്‍, സുരക്ഷിതമായ ജലത്തിനും മാലിന്യസംസ്‌ക്കരണത്തിനുമുള്ള സാങ്കേതിക കണ്‍സള്‍ട്ടന്‍സി, ബയോകെമിക്കല്‍ അനലൈസര്‍ ഉപയോഗിച്ചുള്ള രക്തസാമ്പിളുകളുടെ പൂര്‍ണ്ണ പ്രൊഫൈല്‍ ടെസ്റ്റ്, ഹെമറ്റോളജിക്കല്‍ അനലൈസര്‍ ഉപയോഗിച്ചുള്ള ബ്ലഡ് കൗണ്ട്, സ്പെക്ട്രോമെട്രി ഉപകരണങ്ങള്‍ ഉപയോഗിച്ച് വെള്ളം, മണ്ണ്, തീറ്റ, രക്തം എന്നിവയിലുള്ള വളരെ കുറഞ്ഞ അളവില്‍ പോലുമുള്ള ധാതുക്കളുടെ നിര്‍ണയം, ക്രൊമാറ്റോഗ്രാഫി ഉപയോഗിച്ച് കീടനാശിനികള്‍, അഫ്ലാടോക്സിന്‍ മുതലായ വിഷവസ്തുക്കളുടെ സാന്നിധ്യം നിര്‍ണ്ണയിക്കല്‍ എന്നിവ ഇവയില്‍ ചിലതാണ്. ഇത് കൂടാതെ റേഡിയോ   ഇമ്മുണോഅസ്സേ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്തത്തിലെ വിവിധതരം ഹോര്‍മോണുകളുടെ അളവ് നിര്‍ണയിച്ചു കൊടുക്കുന്നു. ഇത് പ്രത്യേകിച്ച് ആനകളിലെ മദപ്പാട് അറിയുന്നതിനായി ഉപയോഗപ്പെടുത്തുന്നു.   

 

പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍


സംസ്ഥാന പദ്ധതി വിഹിതമായ 2.80 കോടി രൂപ വിനിയോഗിച്ച് പണി കഴിപ്പിച്ച പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിന് 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ പഠിക്കുന്നതില്‍ 70 ശതമാനം പെണ്‍കുട്ടികളാണ്. അതിനാല്‍ പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 17 മുറികളുള്ള പുതിയ ഹോസ്റ്റലിന്റ ഒന്നാം നില പൂര്‍ത്തീകരിച്ചു.


വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജി ഓഡിറ്റോറിയം


സംസ്ഥാന പദ്ധതി വിഹിതമായ 1.30 കോടി രൂപ വിനിയോഗിച്ച് പണി കഴിപ്പിച്ച ഓഡിറ്റോറിയത്തിന് 6500 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like