കേരളം ഹണിമൂണ്‍ ഡെസ്റ്റിനേഷനാകാൻ ഒരുങ്ങുന്നു
- Posted on September 30, 2024
- News
- By Varsha Giri
- 51 Views
കൊച്ചി:
ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ വളരാന്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കി ഇതിന് തങ്ങളുടെ രാജ്യങ്ങളില്‍ പ്രചാരം നല്‍കുമെന്നും കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) 12-ാം പതിപ്പിലെ വിദേശ ടൂര്‍ ഏജന്‍റുമാര്‍. മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ പാക്കേജുകളാണ് ഇത്തവണ കെടിഎമ്മില്‍ തങ്ങള്‍ തേടുന്നതെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദ-വെല്‍നെസ് ടൂറിസം മേഖലകള്‍ക്കു പുറമേ ഒരു പ്രത്യേക ടൂറിസം ഉത്പന്നം എന്ന നിലയില്‍ കേരളത്തിന് ഹണിമൂണ്‍ ഡെസ്റ്റിനേഷനെ അവതരിപ്പിക്കാനാകുമെന്നും ഏജന്‍റുമാര്‍ ചൂണ്ടിക്കാട്ടി. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര-സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കെടിഎമ്മിന് വേദിയാകുന്നത്.
ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള ചിലിയന്‍ ടൂര്‍ ഏജന്‍റ് വെറോണിക്ക റിയോസെക്കോ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ തേടിയാണ് കെടിഎമ്മിന്‍റെ ഭാഗമായി ഇത്തവണ കേരളം സന്ദര്‍ശിക്കുന്നത്. കേരളത്തിലെ ഹണിമൂണ്‍, ഫാമിലി ഹോളിഡേ പാക്കേജുകളിലാണ് ഇപ്പോള്‍ തന്‍റെ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വെറോണിക്ക പറഞ്ഞു. സാധാരണ തെക്കേ അമേരിക്കക്കാര്‍ ഇന്ത്യയിലെ ടൂര്‍ പാക്കേജില്‍ ജയ്പൂര്‍, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് വരുന്നത് വിരളമാണ്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണെന്ന് നൊമാഡ്സ് ചിലി എന്ന ടൂര്‍ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന വെറോണിക്ക നിരീക്ഷിച്ചു. മനോഹരമായ ഭൂപ്രകൃതി, ബീച്ചുകള്‍, കാലാവസ്ഥ, ഹൗസ് ബോട്ട്, ആതിഥേയ മര്യാദ തുടങ്ങിയവ കേരളത്തെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കുന്ന ഘടകങ്ങളാണ്. ഇന്ത്യ ട്രാവല്‍ മാര്‍ട്ടില്‍ (ഐടിഎം) നടത്തിയ സന്ദര്‍ശനത്തിനിടെയാണ് കെടിഎമ്മിനെക്കുറിച്ച് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
തന്‍റെ ക്ലയന്‍റുകളില്‍ ഭൂരിഭാഗവും ദമ്പതികളാണെന്നും ഹണിമൂണ്‍ യാത്രകള്‍ക്കായി കേരളത്തെയാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും സ്പെയിനിലെ ഇന്‍ക്രെബിള്‍ മുണ്ടോ എന്ന ടൂര്‍ സ്ഥാപനത്തില്‍ നിന്നുള്ള ഡീഗോ സെല്‍മ പറഞ്ഞു. ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന പ്രത്യേകത കൊണ്ടാണ് ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിക്കുന്ന പ്രത്യേക ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ശേഷം മാലിദ്വീപിലേക്ക് പോകുന്നതിന് മുമ്പ് ഹണിമൂണിനായി കേരളത്തില്‍ സമയം ചെലവഴിക്കാം. കേരളത്തിനായുള്ള പാക്കേജില്‍ സ്കൂബ ഡൈവിംഗ് പോലുള്ള സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. കേരളത്തിന്‍റെ ഹണിമൂണ്‍ പാക്കേജുകള്‍ക്ക് സ്പെയിനില്‍ വലിയ വിപണിയുണ്ടെന്നും കെ.ടി.എമ്മില്‍ സ്ഥിരമായി പങ്കെടുക്കുന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെല്‍നസ് ഡെസ്റ്റിനേഷനൊപ്പം സാഹസിക വിനോദത്തിന്‍റെയും മികച്ച കേന്ദ്രമാണ് കേരളമെന്ന് യുകെ ആസ്ഥാനമായുള്ള ദോസ് ട്രാവല്‍ ഗയ്സിന്‍റെ പ്രതിനിധി പീറ്റര്‍ ഫോസ്റ്റര്‍ പറഞ്ഞു. രോഗചികിത്സയ്ക്കൊപ്പം മാനസികാരോഗ്യത്തിന്‍റെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്‍റെയും പ്രാധാന്യം തിരിച്ചറിയുന്നില്ല എന്നതാണ് യുകെയിലെ ഡോക്ടര്‍മാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. വെല്‍നെസ് ടൂറിസവുമായി ബന്ധപ്പെട്ട് വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പരമ്പരാഗത രോഗ ശാന്തി ചികിത്സയിലും ജൈവഭക്ഷണത്തിലും താല്‍പ്പര്യമുള്ളവരാണ്. അതിനാല്‍ ആയുര്‍വേദത്തിന്‍റെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യുകെയിലെ യുവതലമുറയിലെ ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദത്തെക്കുറിച്ച് ധാരണയുണ്ട്. കോവിഡ്-19 ന് ശേഷം സൂം, ഗൂഗിള്‍ മീറ്റിംഗുകള്‍ രോഗികള്‍ക്ക് ഇന്ത്യയിലെ അവരുടെ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാന്‍ സഹായകരമാണെന്നും ഫോസ്റ്റര്‍ പറഞ്ഞു.
ആയുര്‍വേദ പാക്കേജുകള്‍ക്ക് റഷ്യയില്‍ ആവശ്യക്കാരുണ്ടെന്നും അത് അവിടെ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും റഷ്യന്‍ ടൂര്‍ ഏജന്‍റ് ഓള്‍ഗ ഗബ്രസ് വെളിപ്പെടുത്തി. രണ്ടാം തവണയാണ് ഓള്‍ഗ കേരളത്തിലെത്തുന്നത്.
കെടിഎം 2024ല്‍ 76 രാജ്യങ്ങളില്‍ നിന്നുള്ള 808 വിദേശ ബയര്‍മാരാണുള്ളത്. ഇതില്‍ 67 പേര്‍ യുകെയില്‍ നിന്നും 60 പേര്‍ ഗള്‍ഫില്‍ നിന്നും 55 പേര്‍ യുഎസില്‍ നിന്നും 34 പേര്‍ റഷ്യയില്‍ നിന്നുമുള്ളവരാണ്. യൂറോപ്പിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 245 ബയേഴ്സാണുള്ളത്. ആഫ്രിക്കയില്‍ നിന്ന് 41 ഉം മറ്റുള്ളവര്‍ കിഴക്കന്‍ ഏഷ്യയില്‍ നിന്നുമുള്ളവരാണ്. ഇന്ത്യയില്‍ നിന്നുള്ള ബയേഴ്സില്‍ മഹാരാഷ്ട്ര (578) യാണ് മുന്നില്‍. തൊട്ടുപിന്നില്‍ ഡല്‍ഹി (340), ഗുജറാത്ത് (263). 2839 ബയേഴ്സ് ആണ് ഇത്തവണ കെടിഎമ്മിലുള്ളത്. ഇത് കെടിഎമ്മിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സംഖ്യയാണ്.
കെടിഎമ്മിലെ എക്സ്പോ ഞായറാഴ്ച (സെപ്റ്റംബര്‍ 29) ഉച്ചയ്ക്ക് ഒരുമണി മുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.