ഉരുള്‍പൊട്ടല്‍: കണ്ണിമയാക്കാതെ കൺട്രോൾ റൂം
- Posted on August 05, 2024
- News
- By Varsha Giri
- 76 Views
ദുരന്തമറിഞ്ഞത് മുതൽ കണ്ണിമയടക്കാതെ
ഓരോ വിവരവും കൃത്യമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങളുമായി 24 മണിക്കൂറും സജീവമാണ് കൺട്രോൾ റൂം.
മുണ്ടക്കൈ ,ചൂരൽ മല ഉരുള്‍പൊട്ടലിനെ തുടർന്ന് കളക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസില്‍ ഇത് വരെ ലഭിച്ചത് 843 ഫോണ്‍ കോളുകള്‍. അപകടമുണ്ടായ ജൂലൈ 29 ന് അര്‍ദ്ധ രാത്രിയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തി. തുടര്‍ന്ന് ഇന്‍സിഡന്റ് റസ്‌പോണ്‍സ് സിസ്റ്റം പ്രവര്‍ത്തനമാരംഭിക്കുകയും ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസ് കമാന്റിങ് കണ്‍ട്രോള്‍ യൂണിറ്റായി പ്രവർത്തിക്കുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ക്കുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ-റവന്യൂ വിഭാഗം ജീവനക്കാര്‍, ഹസാഡ് അനലിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെ 15 ഓളം ജീവനക്കാരാണ് ഉള്ളത്. 365 ദിവസവും 24 x 7 മണിക്കൂറാണ് കൺട്രോൾ റൂം പ്രവര്‍ത്തിക്കുന്നത്. കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151.