തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും; മന്ത്രി ഡോ.ആര്‍.ബിന്ദു.
- Posted on March 23, 2025
- News
- By Goutham prakash
- 101 Views
സാമൂഹിക നീതിയിൽ കാസർഗോഡിന് പ്രഥമപരിഗണന
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്‍കോടിന് നല്‍കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് വേണ്ട എല്ലാവിധ പിന്തുണ സഹായങ്ങളും സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരുടെ സഹായ ഉപകരണ വിതരണോദ്ഘാടനം നവീകരിച്ച ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി മേഖലയില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് ചെറു ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അവയ്ക്ക് വിപണനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ജില്ലയിലെ ഐ ലീഡ് പദ്ധതി വളരെ മാതൃകാപരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനു നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. ഭിന്നശേഷി മേഖലയില്‍ ഭിന്നശേഷികോര്‍പ്പറേഷനുമായി ചേര്‍ന്ന് സ്വയം സഹായ സംഘങ്ങളുടെ നെറ്റ് വര്‍ക്ക് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതു ഇടങ്ങളും സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം ഭിന്നശേഷി സൗഹൃദമായി മാറി കഴിഞ്ഞു. ശാരീരിക പരിമിതികള്‍ മറികടന്നുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിലെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ തടസ്സ രഹിതമാക്കി തീര്‍ക്കുന്ന ബാരിയര്‍ ഫ്രീ കേരള എന്ന പദ്ധതി ഉടന്‍ നടപ്പിലാക്കും. വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലുമെല്ലാം കേന്ദ്രനിയമം അനുശാസിക്കുന്ന സംവരണം ഉള്‍പ്പെടെയുള്ള എല്ലാത്തരം ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേരളം സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭ്രൂണാവസ്ഥയില്‍ തന്നെ കുട്ടികളുടെ പ്രശ്‌നങ്ങളും വൈകല്യങ്ങളും തിരിച്ചറിഞ്ഞ് പ്രാരംഭഘട്ടത്തില്‍ തന്നെ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ ഭിന്നശേഷി ഉള്ളവര്‍ക്ക് വീട്ടില്‍ നേരിട്ടു ചെന്ന് തെറാപ്പി ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യഥിതിഥിയായി. കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍ സരിത, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്ണ്‍ ഗീത കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമ ലക്ഷ്മി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ്, എന്‍ഡോസള്‍ഫന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എം.എസ്സ് ശബരീഷ്, ഭിന്നശേഷി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഗിരീഷ് കീര്‍ത്തി എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്സണ്‍ അഡ്വ. എം.വി ജയഡാളി സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മനു നന്ദിയും പറഞ്ഞു.
