ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ- കരണ്‍ ഥാപ്പര്‍
- Posted on October 01, 2025
- News
- By Goutham prakash
- 76 Views

സി.ഡി. സുനീഷ്
തിരുവനന്തപുരം
ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ് മാധ്യമവിദ്യാര്‍ഥികളോട് പറയാനുള്ളതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025ന്റെ ഭാഗമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാല് പതിറ്റാണ്ട് നീണ്ട മാധ്യമപ്രവര്‍ത്തനജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥിരതയും ഉറച്ചനിലപാടും അത്യാവശ്യമാണെന്നും രാഷ്ട്രീയക്കാരുമായുള്ള അതിരറ്റ സൗഹൃദവും ആദരവും അപകടമാണെന്നും അദ്ദേഹം പറഞ്ഞു. Devil's Advocate, The Last Word തുടങ്ങിയ തന്റെ പ്രശസ്തമായ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ഞാന്‍ എന്റെ ജോലി ചെയ്തു' എന്ന് അദ്ദേഹം പ്രതികരിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജനും മുഖാമുഖത്തില്‍ മോഡറേറ്ററായി.
കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനര്‍ഹയായ മറിയം ഔഡ്രാഗോയുമായുള്ള സംവാദവും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ഭരണകൂടഭീകരതക്കെതിരെ തന്റെ വാര്‍ത്തകളിലൂടെ പോരാടുന്ന വ്യക്തിത്വമാണ് മറിയം ഔഡ്രാഗോ. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യത്തിന്റെ ശബ്ദങ്ങളാണെന്ന് മറിയം പറഞ്ഞു. ബുര്‍ക്കിന ഫാസോയിലെ പ്രതികൂല സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ അവര്‍, യുവ മാധ്യമപ്രവര്‍ത്തകര്‍ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും, സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും എല്ലാത്തിനുമുപരിയായി സത്യസന്ധത പാലിക്കണമെന്നും ആവശ്യപ്പെട്ടു. നോവലിസ്റ്റും കവിയുമായ ഡോ. അനുപമ രാജു സംവാദം നിയന്ത്രിച്ചു.
മീഡിയ ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ ഇന്നലെ Mirroring the Truth എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ഡിസ്‌കഷനില്‍ മാധ്യമപ്രവര്‍ത്തകരായ കെ.കെ. ഷാഹിന, പുഷ്പ രോക്‌ഡെ എന്നിവര്‍ പങ്കെടുത്തു. എന്‍.എസ്. സജിത് മോഡറേറ്ററായി. മാധ്യമഭാഷ; ഇല്ലിക്കുന്ന് മുതല്‍ ഇന്റര്‍നെറ്റ് വരെ എന്നീ വിഷയങ്ങളില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ പി.കെ.രാജശേഖരന്‍ മോഡറേറ്ററായി. തോമസ് ജേക്കബ്, കെ.സി. നാരായണന്‍, എന്‍.പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Decoding Youtube: Do's and Don'ts of Digital Story Telling എന്ന വിഷയത്തില്‍ യൂട്യൂബര്‍ ബാബു രാമചന്ദ്രനും സംഘവും നയിച്ച ക്ലാസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി-കൊളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രശ്‌നോത്തരി ക്വിസ് പ്രസിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പ്രശ്‌നോത്തരി ഉദ്ഘാടനം ചെയ്തു.