വിദഗ്ധ സംഘം ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും

വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് (ഓഗസ്റ്റ് 13) പരിശോധിക്കും. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തും. ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണു സംഭവിച്ചതെന്നും സംഘം വിലയിരുത്തും. വിദഗ്ധപരിശോധനക്കുശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. പ്രദേശത്തെ അനുയോജ്യമായ  ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 2005ലെ ദുരന്തനിവാരണ അതോറിട്ടി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദഗ്ധ സമിതിയുടെ ആദ്യയോഗത്തിൽ മന്ത്രിമാരായ കെ രാജൻ, ഒ. ആർ കേളു, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി കെ സേതുരാമൻ, ഡി.ഐ.ജി  തോംസൺ ജോസ്,  സ്‌പെഷ്യൽ ഓഫീസർ സീറാം സാംബശിവ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ,സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പി തപോഷ് ഭസുമദാരി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. ബൈജു, പോലീസ് സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഓഫീസർ അരുൺ കെ. പവിത്രൻ എന്നിവരും പങ്കെടുത്തു








Author

Varsha Giri

No description...

You May Also Like