പ്രഥമ കെ.ഐ.ആർ.എഫ് റാങ്ക് നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല.

കൊച്ചി: എൻഐആർഎഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) റാങ്ക് നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. 


ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് പ്രഥമ കെഐആർഎഫ് റാങ്കുകൾ പ്രഖ്യാപിച്ചത്. കേരള സർക്കാരും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്നാണ്  കെഐആർഎഫ് റാങ്കിങ് ഏർപ്പെടുത്തിയത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.


നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ മുഖേന വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുന്ന എൻഐആർഎഫ് റാങ്കിംഗിൻ്റെ മാതൃകയിൽ വിഭാവനം ചെയ്ത സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെഐആർഎഫ് റാങ്കിംഗ് അക്കാദമിക് മികവിൻ്റെ അടിസ്ഥാനത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാനാണ് കെഐആർഎഫ് റാങ്കിങ് സംവിധാനം ലക്ഷ്യമിടുന്നത്.  


"കേരളത്തിൽ ഏറ്റവും കൂടുതൽ അക്കാദമിക റിസോഴ്സുകളുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കേരളത്തിന്റെ വികസനത്തിന് അനുഗുണമായ രീതിയിൽ അടിസ്ഥാനശാസ്ത്രമേഖലകളിലെ ഗവേഷണത്തിനും വ്യവസായങ്ങളുടെ സഹകരിച്ച് കൊണ്ട് വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾക്കും അനുബന്ധപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്. ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾക്കിടയിൽ ഉന്നതനിലവാരം പുലർത്തുന്ന അക്കാദമിക സ്ഥാപനങ്ങളുമായി കൈകോർത്ത് കുസാറ്റ് നടത്തുന്ന അക്കാദമിക-ഗവേഷണ മുന്നേറ്റങ്ങൾക്ക് ഒരു ഊർജ്ജമാകും ഈ പുരസ്കാരം. കുസാറ്റിന്റെ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി. മുൻകാലങ്ങളിൽ കുസാറ്റിന് സാരഥ്യം വഹിച്ച ഏവരെയും ഈ അവസരത്തിൽ സ്മരിക്കുന്നു. സംസ്ഥാന സർക്കാരും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ഏർപ്പെടുത്തിയ കെഐആർഎഫ് അക്കാദമികമേഖലയിലെ കേരളത്തിന്റെ മുന്നേറ്റങ്ങളിൽ പ്രധാനപങ്ക് വഹിക്കുമെന്ന് തീർച്ചയാണ്," റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം രേഖപ്പെടുത്തിയ കുസാറ്റ് വൈസ് ചാൻസലർ ഡോ എം ജുനൈദ് ബുഷിരി പറഞ്ഞു.


സർവ്വകലാശാലാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുസാറ്റ് അദ്ധ്യാപനം, പഠനവും വിഭവശേഷിയും (TLR), വിജ്ഞാന വ്യാപനവും ഗവേഷണ മികവും (KDRE), ബിരുദഫലം (GO), ഔട്ട്റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി (OI), സയൻ്റിഫിക് ടെമ്പർ ആൻഡ് സെക്യുലർ ഔട്ട്ലുക്ക് (STSO),  എന്നിങ്ങനെ അഞ്ച്വി ശാലമായ പാരാമീറ്ററുകളിലായി യഥാക്രമം 93.32, 97, 82, 60.96, 43 പോയിൻ്റുകൾ നേടി.


വെള്ളിയാഴ്ച തൃശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. ആർ. ബിന്ദു സർവകലാശാലകൾക്ക് പുറമെ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ടീച്ചർ എഡ്യൂക്കേഷൻ കോളേജുകൾ, നഴ്‌സിംഗ് കോളേജുകൾ, അഗ്രികൾച്ചർ & അലൈഡ് കോളേജുകൾ എന്നിവ നേടിയ റാങ്കുകളും പ്രഖ്യാപിച്ചു. 


കുസാറ്റ് കാമ്പസിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൻ്റെ ലോഗോയും പ്രകാശനം ചെയ്തു. 'ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ: ഇൻ്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജ്യുക്കേഷൻ' എന്ന കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ നടക്കും.

ലോകമെമ്പാടുമുള്ള 1,744 സ്ഥാപനങ്ങളുടെ ക്യുഎസ് സുസ്ഥിരതാ റാങ്കിംഗിൽ 2025ൽ കുസാറ്റ് ആദ്യ ആയിരം പേരിൽ ഇടം നേടിയത് ഈയിടെയാണ്. ഈ വര്‍ഷം പ്രസിദ്ധീകരിച്ച 2024ലെ ഇന്ത്യാ ടുഡേ റാങ്കിങ്ങിൽ രാജ്യത്ത് ഏഴാം സ്ഥാനവും, എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ പട്ടികയില്‍ 34ആം സ്ഥാനവും, ടൈംസ് ഹയർ എജ്യുക്കേഷൻ ഇൻ്റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ ഇന്ത്യയിൽ 27ആം സ്ഥാനവും കുസാറ്റ് നേടിയിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like